തലയിണകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ വന്‍ ലഹരി വേട്ട

തലയിണകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ വന്‍ ലഹരി വേട്ട

പെര്‍ത്ത്: പുതുവത്സരാഘോഷങ്ങള്‍ക്കു ലഹരി പകരാനായി പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്ത കോടിക്കണക്കിനു ഡോളര്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. വിപണിയില്‍ 10 കോടിയിലധികം ഡോളര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് തലയിണകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമൈന്‍ ആണ് ഫ്രീമാന്റില്‍ തുറമുഖത്തു വച്ച് പിടികൂടിയത്.

അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവു വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡിസംബര്‍ 30-ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ വച്ച് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.


ഡിസംബര്‍ 17-ന് തുറമുഖത്ത് എത്തിയ കപ്പലിലെ കണ്ടെയ്നറിനുള്ളില്‍ നിന്നാണ് 99 കിലോ മെത്താംഫെറ്റാമൈന്‍ അടങ്ങിയ തലയിണകള്‍ കണ്ടെത്തിയത്. മയക്കുമരുന്ന് ഇറക്കുമതിയെക്കുറിച്ച് പോലീസിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു കപ്പലില്‍ പരിശോധന നടത്തിയത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള പദാര്‍ത്ഥം കണ്ടെത്തിയത് പിന്നീട് ഫോറന്‍സിക് പരിശോധനയിലൂടെയാണ് മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈന്‍ ആണെന്ന് സ്ഥിരീകരിച്ചത്. കണ്ടെയ്‌നര്‍ കപ്പലില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനു മുന്‍പ് ഉദ്യോഗസ്ഥര്‍ മെത്താംഫെറ്റാമൈന്‍ തലയിണകള്‍ക്കുള്ളില്‍നിന്ന് നീക്കുകയും മയക്കുമരുന്നല്ലാത്ത മറ്റൊരു പദാര്‍ത്ഥം നിറച്ച് നിരീക്ഷണം ആരംഭിക്കുകയും ചെയ്തു.

ഡിസംബര്‍ 29-ന് രാവിലെ, തലയിണകള്‍ അടങ്ങിയ പെട്ടികള്‍ ശേഖരിക്കാന്‍ രണ്ടു പേര്‍ എത്തുകയും പെര്‍ത്തിനു സമീപമുള്ള മാഡിംഗ്ടണിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പോലീസും രഹസ്യമായി ഇവരെ പിന്തുടര്‍ന്നു. അവിടെ പെട്ടികള്‍ ഇറക്കി ഒരു ഷിപ്പിംഗ് കണ്ടെയ്‌നറില്‍ ഒളിപ്പിച്ചു.


തലയിണകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ മയക്കുമരുന്ന്

അടുത്ത ദിവസം മൂന്ന് പ്രതികളും മാഡിംഗ്ടണില്‍ എത്തി പെട്ടികള്‍ വാനിലേക്കു മാറ്റിയപ്പോള്‍ പോലീസും പിന്തുടര്‍ന്നു. തുടര്‍ന്ന് അമിത വേഗത്തില്‍ പാഞ്ഞ വാനും പോലീസ് വാഹനവും കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2020-21 സാമ്പത്തിക വര്‍ഷം ഓസ്ട്രേലിയയുടെ അതിര്‍ത്തികളില്‍ നിരോധിത മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതില്‍ വലിയ വര്‍ധനയാണുണ്ടായതെന്ന് പോലീസ് വ്യക്തമാക്കുന്നു. 1,745 പരിശോധനകളില്‍ നിന്നായി ഏകദേശം 5.2 ടണ്‍ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.