പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. പ്രാദേശികമായി അഞ്ച് പുതിയ കേസുകള്‍ കൂടി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ എക്‌സ്‌പോഷര്‍ സൈറ്റുകളുടെ എണ്ണവും വര്‍ധിച്ചു. നിലവില്‍ 68 പേര്‍ക്കാണ് രോഗമുള്ളത്.
പാന്‍ പസഫിക് ഹോട്ടലിലെ ഒരു ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് വകഭേദമായ ഒമിക്രോണ്‍ ആണ് സ്ഥിരീകരിച്ചത്. ഇയാള്‍ മാസ്‌ക് ഉള്‍പ്പെടെ എല്ലാ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ധരിച്ചിരുന്നെങ്കിലും എങ്ങനെ രോഗം പിടിപെട്ടു എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ അടിയന്തരമായി പരിശോധിക്കുകയാണെന്നു ഡെപ്യൂട്ടി പ്രീമിയര്‍ റോജര്‍ കുക്ക് അറിയിച്ചു.
നേരത്തെ പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ എത്തിയ വൈറസ് ബാധിതനായ ഫ്രഞ്ച് യാത്രക്കാരനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട ഡെല്‍റ്റ രോഗവ്യാപനത്തിലാണ് മറ്റു നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഫ്രഞ്ച് യാത്രക്കാരന്‍ നോര്‍ത്ത്ബ്രിഡ്ജിലെ പെര്‍ത്ത് മെസ് ഹാളില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇയാളുമായി ബന്ധപ്പെട്ട രോഗ വ്യാപനത്തില്‍ 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഡിസംബര്‍ 30-ന് ബ്രൂമിലെ കേബിള്‍ ബീച്ചിലെ ഡൈവേഴ്സ് ടാവേണ്‍ റസ്‌റ്റോറന്റില്‍ കോവിഡ് പോസിറ്റീവായ ഒരാള്‍ സന്ദര്‍ശിച്ചിരുന്നതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചു. ഇയാള്‍ ക്വീന്‍സ് ലന്‍ഡിലെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ അന്നേ ദിവസം ഉണ്ടായിരുന്നവര്‍ കോവിഡ് ലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്നു റോജര്‍ കുക്ക് അഭ്യര്‍ഥിച്ചു.
ഒറ്റരാത്രികൊണ്ട് നടത്തിയ 6,179 ടെസ്റ്റുകളില്‍ 16 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പ്രീമിയര്‍ പറഞ്ഞു. പ്രാദേശിക കേസുകള്‍ മാറ്റിനിര്‍ത്തിയാല്‍, ഒമ്പത് വിമാന യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് കോവിഡ് ബാധിച്ചത്. ഇവര്‍ ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ പ്രാദേശികമായ രോഗവ്യാപന ഭീതിയില്ല.
കിംബര്‍ലിയില്‍ താമസിക്കുന്നവരില്‍ 65.8 ശതമാനം ആളുകള്‍ മാത്രമാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചത്. ഇത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
പെര്‍ത്തില്‍ കഴിഞ്ഞ 10 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത്.
നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടറി ഒഴിച്ച് മറ്റു സംസ്ഥാനങ്ങളുമായുള്ള പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ അതിര്‍ത്തികള്‍ അടച്ചിട്ട് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് റോജര്‍ കുക്ക് പ്രഖ്യാപിച്ചു. അസാധാരണമായ സാഹചര്യങ്ങളിലല്ലാതെ സംസ്ഥാനത്തേക്കു പ്രവേശനം അനുവദിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26