'അനാഥക്കുട്ടികളുടെ അമ്മ' സിന്ധു തായ് വിടവാങ്ങി

'അനാഥക്കുട്ടികളുടെ അമ്മ' സിന്ധു തായ് വിടവാങ്ങി

പൂനെ: അനാഥക്കുഞ്ഞുങ്ങള്‍ക്കായി സ്വന്തം ജീവിതം തന്നെ നല്‍കി സേവനത്തിന്റെയും സ്‌നേഹത്തിന്റെയും മാതൃകയായ സിന്ധുതായ് സപ്കല്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

അനാഥക്കുട്ടികളുടെ അമ്മ എന്ന പേരിലാണ് സിന്ധുതായ് അറിയപ്പെട്ടിരുന്നത്. ഒന്നര മാസം മുമ്പ് നടന്ന ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സിന്ധുവിന്റെ ആരോഗ്യംമോശമായിരുന്നു. അനാഥക്കുട്ടികള്‍ക്കായി നിരവധി സ്ഥാപനങ്ങളും അവര്‍ ഒരുക്കിയിട്ടുണ്ട്.

1948 നവംബര്‍ പതിനാലിന് മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയിലാണ് സിന്ധുതായിയുടെ ജനനം. നാലാം ക്ലാസിലെത്തിയപ്പോഴേക്കും പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി. പന്ത്രണ്ടാം വയസില്‍ മുപ്പത്തിരണ്ടുകാരനുമായി വിവാഹം കഴിഞ്ഞ സിന്ധുതായി മൂന്നുമക്കള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. വീണ്ടും ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ഭര്‍ത്താവ് ഉപേക്ഷിക്കുന്നത്. തുടര്‍ന്ന് മറ്റുള്ളവരുടെ സഹായത്തോടെയാണ് സിന്ധു മക്കളെ വളര്‍ത്തുന്നത്.

ജീവിതത്തില്‍ നേരിട്ട ഇത്തരം സാഹചര്യങ്ങളാണ് പില്‍ക്കാലത്ത് അനാഥക്കുട്ടികള്‍ക്കായി ആശ്രയം ഒരുക്കാന്‍ അവര്‍ക്ക് പ്രചോദനമായത്. മാതാപിതാക്കളും ഉറ്റവരും ഉടയവരും എല്ലാം ഉപേക്ഷിച്ച് തെരുവിലെറിയപ്പെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങളെ മാറോടണച്ച് മാതൃസ്‌നേഹവും വാത്സല്യവും നല്‍കി വളര്‍ത്തുകയായിരുന്നു സിന്ധു.

കഴിഞ്ഞ വര്‍ഷം പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. പത്മാ പുരസ്‌കാരത്തിനു പുറമെ 750 ഓളം വലുതും ചെറുതുമായ പുരസ്‌കാരങ്ങളും സിന്ധു തായിയെ തേടിയെത്തിയിരുന്നു. പുരസ്‌കാരത്തില്‍ നിന്നു ലഭിക്കുന്ന പണവും അനാഥക്കുട്ടികള്‍ക്ക് ആശ്രയമൊരുക്കാനാണ് ചിലവഴിച്ചത്. സിന്ധുവിന്റെ ജീവിതം ആസ്പദമാക്കി 2010ല്‍ മീ സിന്ധു തായ് സപ്കല്‍ എന്ന പേരില്‍ മറാത്തി ചിത്രം പുറത്തിറങ്ങിയിരുന്നു. പ്രസ്തുത ചിത്രം അമ്പത്തിനാലാമത് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ സിന്ധു തായിക്ക് അനുശോചനം അറിയിച്ചു. സമൂഹത്തിന് നല്‍കിയ ശ്രേഷ്ഠമായ സേവനത്തിന്റെ പേരില്‍ സിന്ധുതായ് എന്നെന്നും ഓര്‍മിക്കപ്പെടുമെന്ന് മോഡി ട്വീറ്റ് ചെയ്തു. അവരുടെ പരിശ്രമഫലമായി നിരവധി കുട്ടികള്‍ക്ക് നല്ല ജീവിതം നയിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.