കരുണയറ്റ ലോകം: കഴിഞ്ഞ വര്‍ഷം അമ്മമാരുടെ ഉദരത്തില്‍ ജീവന്‍ നഷ്ടമായത്‌ 4.26 കോടി കുരുന്നുകള്‍ക്ക്!

കരുണയറ്റ ലോകം: കഴിഞ്ഞ വര്‍ഷം അമ്മമാരുടെ ഉദരത്തില്‍ ജീവന്‍ നഷ്ടമായത്‌  4.26 കോടി കുരുന്നുകള്‍ക്ക്!

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി സംഹാര താണ്ഡവമാടി കൊന്നൊടുക്കിയ മനുഷ്യ ജീവനുകളെക്കാള്‍ കഴിഞ്ഞ വര്‍ഷം ലോകത്ത് മരണത്തിന് ഇരകളായത് അമ്മമാരുടെ ഉദരത്തില്‍ വളരുന്ന നിഷ്‌കളങ്ക ജീവനുകള്‍. ഭ്രൂണഹത്യയെന്ന മാരക തിന്മ മൂലം 4 കോടി 26 ലക്ഷം കുരുന്നുകളുടെ ജീവനാണ് 2021 ല്‍ ലോകത്ത് നഷ്ടമായത്!

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തത്സമയ റഫറന്‍സ് വെബ്‌സൈറ്റായ വേള്‍ഡോമീറ്ററിലെ കണക്കുകള്‍ ഉദ്ധരിച്ച് 'ലൈഫ്‌ന്യൂസ്.കോം' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2021 ല്‍ ലോകമെമ്പാടുമായി 4,26,40,209 ജീവനുകളാണ് ഭ്രൂണഹത്യകളില്‍ നഷ്ടമായത്.

കാന്‍സര്‍, എച്ച്.ഐ.വി/എയിഡ്‌സ്, വാഹനാപകടങ്ങള്‍, ആത്മഹത്യ തുടങ്ങിയ മറ്റ് പ്രധാനപ്പെട്ട മരണകാരണങ്ങള്‍ മൂലമുള്ള മരണസംഖ്യ വെച്ച് നോക്കുമ്പോള്‍ ഗര്‍ഭഛിദ്രം മൂലം മരണപ്പെട്ട കുരുന്നു ജീവനുകളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് 'ലൈഫ്‌ന്യൂസ്' പറയുന്നത്. 5.87 കോടി ആളുകളാണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രം മൂലമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തുണ്ടായ മൊത്തം മരണങ്ങളില്‍ 42 ശതമാനം മരണത്തിന്റേയും കാരണം ഗര്‍ഭഛിദ്രം ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കൊറോണ പകര്‍ച്ചവ്യാധിയുമായി താരതമ്യപ്പെടുത്തുമ്പോഴും മരണകാരണത്തില്‍ അബോര്‍ഷന്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഗര്‍ഭധാരണം മുതല്‍ ഭ്രൂണങ്ങള്‍ ജീവനുള്ള മനുഷ്യ ജീവികള്‍ തന്നെയാണെന്ന് ജീവശാസ്ത്രം പറഞ്ഞിട്ടും ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ മനുഷ്യജീവികളായിട്ട് ഇതുവരെ പരിഗണിയ്ക്കാത്തത് ദുഃഖകരമാണെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു.

അബോര്‍ഷനിലൂടെ കൊല്ലപ്പെടുന്ന സമയത്തും കുരുന്നു ജീവന്റെ ഹൃദയം മിടിച്ചുകൊണ്ട് തന്നെയാണിരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു. ഗര്‍ഭഛിദ്രത്തിന് വാതായനങ്ങള്‍ തുറന്ന് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നനന്‍സി നിയമം ഭാരതത്തില്‍ നടപ്പാക്കിയതിന് കഴിഞ്ഞ വര്‍ഷം അരനൂറ്റാണ്ട് തികഞ്ഞിരുന്നു.

ഇരുപത് ആഴ്ചവരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കാനാണ് 1971 ലെ എംടിപി ആക്ട് പ്രകാരം നിയമ പരിരക്ഷ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 24 ആഴ്ച വരെയാക്കി ഉയര്‍ത്തി മോഡി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിയമ പരിഷ്‌കരണവും നടത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.