ഖാര്‍ട്ടോം:ജനാധിപത്യ ഭരണ ക്രമത്തിനായി തെരുവില്‍ പ്രക്ഷോഭത്തിനിറങ്ങിയവര്‍ക്കുനേരെ സുഡാനിലെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. സിവിലിയന്‍ ഭരണം അട്ടിമറിച്ചുള്ള പട്ടാളഭരണത്തിനെതിരെ രാജ്യത്ത് അരങ്ങേറിയ ഏറ്റവും വലിയ പ്രക്ഷോഭത്തെയാണ് അടിച്ചമര്‍ത്താന്‍ വെയിവയ്പ്പു നടത്തിയത്.
ഒക്ടോബര്‍ 25-ന് സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം പ്രതിഷേധത്തിനു തുനിഞ്ഞ 60 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന്റെ ഭാഗമായ സുഡാിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. ഒരാള്‍ കൊല്ലപ്പെട്ടത് തലസ്ഥാനത്തെ ഇരട്ട നഗരമായ ഒംദുര്‍മാനില്‍ പ്രകടനങ്ങളില്‍ പങ്കെടുത്തപ്പോള്‍ തലയില്‍ ബുള്ളറ്റ് ഏറ്റാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റൊരാളുടെ അരക്കെട്ടിലാണ് മാരകമായ വെടിയുണ്ടയേറ്റത്.ഖാര്‍ട്ടോമില്‍ പ്രകടനം നടത്തവേ നെഞ്ചിനു നേരെ വെടിയുതിര്‍ത്താണ് മൂന്നാമനെ പട്ടാളം വകവരുത്തിയത്.
തുടര്‍ച്ചയായി കണ്ണീര്‍ വാതകം പ്രയോഗിച്ചു.ഇതു മൂലവും റബ്ബര്‍ ബുള്ളറ്റുകള്‍ കൊണ്ടും 300-ലധികം പേര്‍ക്ക് പരിക്കേറ്റതായും ഡോക്ടര്‍മാരുടെ സംഘടന കണക്കാക്കുന്നു.'പ്രകടനക്കാര്‍ക്കെതിരെ മാരകമായ ബലപ്രയോഗം അവസാനിപ്പിക്കാന്‍' സുഡാനീസ് സുരക്ഷാ സേനയോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പട്ടാളത്തിന്റെ അതിക്രമവും പ്രകടനക്കാരുടെ മരണവും.
പ്രതിഷേധങ്ങളെ നേരിടാന്‍ വെടിവയ്പ്പ് നടന്നെന്ന ആരോപണം നിഷേധിക്കുകയാണ് അധികൃതര്‍.അതേസമയം, നവംബര്‍ 17 മുതല്‍ ഇതുവരെയുള്ള രക്തരൂക്ഷിത പ്രതിഷേധങ്ങളില്‍ 15 പേര്‍ വെടിയേറ്റ് മരിച്ചെന്ന കണക്കുമുണ്ട്. പ്രകടനക്കാര്‍ തെരുവുകളില്‍ കത്തുന്ന ബാരിക്കേഡുകള്‍ സൃഷ്ടിക്കാന്‍ ടയറുകള്‍ കത്തിച്ചു.
ജനക്കൂട്ടം ഖാര്‍ട്ടോമിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടെ സുരക്ഷാ സേന പല തവണ അമിതമായി കണ്ണീര്‍ വാതകം പ്രയോഗിച്ചു. ശ്വാസം മുട്ടിക്കുന്ന കനത്ത മേഘങ്ങള്‍ ഇതുമൂലം രൂപപ്പെട്ടെന്ന ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.'സിവിലിയന്‍ സര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നതുവരെ ഞങ്ങളുടെ പ്രതിഷേധ മാര്‍ച്ചുകള്‍ തുടരും; എത്ര രക്തസാക്ഷികള്‍ വീണാലും,' 23 കാരനായ മൊജതബ ഹുസൈന്‍ മാധ്യമങ്ങളോടു പറഞ്ഞു.
സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ നടത്തിയ അധികാരം പിടിച്ചെടുക്കല്‍ സുഡാന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ നിരവധി തല്‍സമാന സംഭവങ്ങളില്‍ ഒന്നു മാത്രം. ദീര്‍ഘകാല സ്വേച്ഛാധിപതിയായ ഒമര്‍ അല്‍-ബഷീറിനെ 2019 ഏപ്രിലില്‍ പുറത്താക്കിയാണ് ജനകീയ പിന്തുണയുണ്ടെന്ന നാട്യത്തില്‍ സൈന്യം പിടി മുറുക്കിയത്. പാവ പ്രധാനമന്ത്രിയായി വന്ന അബ്ബല്ല ഹംദോക്ക് നില്‍ക്കക്കള്ളിയില്ലാതെ കഴിഞ്ഞ ദിവസം രാജി വച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.