ആരോഗ്യവകുപ്പ് ആസ്ഥാനത്തെ അഞ്ഞൂറിലധികം ഫയലുകള്‍ കാണാനില്ല; നഷ്ടമായത് സുപ്രധാന രേഖകള്‍

 ആരോഗ്യവകുപ്പ് ആസ്ഥാനത്തെ അഞ്ഞൂറിലധികം ഫയലുകള്‍ കാണാനില്ല; നഷ്ടമായത് സുപ്രധാന രേഖകള്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തു നിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകള്‍ കാണാതായി. മരുന്നു വാങ്ങല്‍ ഇടപാടുകളുടേത് അടക്കമുള്ള സുപ്രധാന ഫയലുകളാണ് കാണാതായത്. ഈ വിവരം ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ തന്നെയാണ് ഉന്നതാധികാരികളെ അറിയിച്ചത്.

ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാര്‍ കൂട്ടത്തിരച്ചില്‍ നടത്തിയെങ്കിലും ഒരെണ്ണം പോലും കണ്ടെത്താനായില്ല. കോവിഡ് പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകള്‍ അപ്രത്യക്ഷമായത്.

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും മരുന്ന് ഇടപാടുകളുടെ ഡിജിറ്റല്‍ ഫയലുകള്‍ പലതും നശിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഷ്ടമായ ഫയലുകള്‍ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഡയറക്ടറേറ്റിലെ ജീവനക്കാര്‍ അറിയാതെ ഫയലുകള്‍ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു.

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകള്‍ നഷ്ടമായിരുന്നില്ലെന്നാണ് ക്ലാര്‍ക്കുമാര്‍ പൊലീസിനെ അറിയിച്ചത്. സുപ്രധാന ഫയലുകള്‍ സൂക്ഷിച്ച സ്ഥലങ്ങള്‍ അടിയന്തരമായി സി.സി.ടി.വി നിരീക്ഷണത്തിലാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഒരു വര്‍ഷം ആവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് വാങ്ങുന്നത്. ഇതുകൂടാതെയാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.