അല്‍മാട്ടി :ഇന്ധന വില ദുര്‍വഹമായതിനെതിരെ ആഭ്യന്തര പ്രതിഷേധം രൂക്ഷമായ കസാഖിസ്ഥാനില്‍ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളുമായി ഭരണകൂടം. അക്രമാസക്തരാകുന്ന പ്രതിഷേധക്കാരുടെ നേരെ മുന്നറിയിപ്പില്ലാതെ വെടിയുതിര്‍ക്കാനും സൈന്യത്തിന് ഭരണകൂടം നിര്‍ദേശം നല്‍കിയട്ടുള്ളതായി ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് വിച്ഛേദിച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ ചിലയിടങ്ങളില്‍ പുനഃസ്ഥാപിച്ചു. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ പ്രതിഷേധക്കാരില്‍ കസാഖ് ഉദ്യോഗസ്ഥരും സി എസ് ടി ഒ സൈനികരും തിരിച്ചുപിടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എല്‍ പി ജി) വില ഞായറാഴ്ച മുതല്‍ ഇരട്ടിയായതോടെയാണ് പ്രതിഷേധം മൂര്‍ധന്യത്തലെത്തിയത്. അനുനയ നീക്കങ്ങള്‍ പാളിയതോടെ ബുധനാഴ്ച് മന്ത്രിസഭ രാജിവെച്ചു. പ്രതിഷേധക്കര്‍ തീവ്രവാദികളാണെന്നുള്ള ഭരണകൂടത്തിന്റെ ആരോപണം പ്രതിപക്ഷം തള്ളിക്കളഞ്ഞു. കസാഖിസ്ഥാനില്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമാണ്. മിക്ക തെരഞ്ഞെടുപ്പുകളും ഏകദേശം 100 % വോട്ടോടെ ഭരണകക്ഷിയാണ് വിജയിക്കുന്നത്.
പ്രതിഷേധക്കാരെ തീവ്രവാദികള്‍ എന്ന് വിളിച്ച പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് രൂക്ഷമായ ഭാഷയിലാണ് സംഭവങ്ങളോട് പ്രതികരിച്ചത്. രാജ്യത്തെ പ്രധാന നഗരമായ അല്‍മാട്ടി കഴിഞ്ഞ ദിവസം '20,000 കൊള്ളക്കാര്‍' ആക്രമിച്ചതായി ടോകയേവ് ആരോപിച്ചു.പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ പ്രസിഡന്റ് തള്ളി. ഇത്തരം വാര്‍ത്തകള്‍ വിഡ്ഢിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
'കുറ്റവാളികളോടും കൊലപാതകികളോടും നമുക്ക് എന്ത് തരത്തിലുള്ള ചര്‍ച്ചകളാണ് നടത്താനാകുക? ഞങ്ങള്‍ക്ക് നേരിടാനുള്ളത് തദ്ദേശീയരും വിദേശികളുമായ, സായുധരായ എന്തിനും സജ്ജരായ കൊള്ളക്കാരെയാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, തീവ്രവാദികളുമായി. ഞങ്ങള്‍ക്ക് അവരെ നശിപ്പിക്കണം, അത് ഉടന്‍ സംഭവിക്കും,' ടോകയേവ് പറഞ്ഞു.രാജ്യത്തെ ആഭ്യന്തര കലാപത്തില്‍ ഇതുവരെ 26 സായുധ കുറ്റവാളികളും 18 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തന്റെ അഭ്യര്‍ത്ഥന പ്രകാരം റഷ്യയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സമാധാന സേനാംഗങ്ങള്‍ എത്തിയിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അവര്‍ രാജ്യത്തുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. റഷ്യയുടെ നേതൃത്വത്തിലുള്ള കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്റെ (സി എസ് ടി ഒ) സേനയില്‍ ഏകദേശം 2,500 സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍ സോവിയറ്റ് രാഷ്ട്രത്തിലേക്ക് സൈന്യത്തെ അയച്ചതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ടോകയേവ് 'പ്രത്യേക നന്ദി' പറഞ്ഞു.റഷ്യ, കസാഖിസ്ഥാന്‍, ബെലാറസ്, അര്‍മേനിയ, താജിഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ സി എസ് എസ് ടി ഒ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.