ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരാള്‍ മരിച്ചു. പതിനഞ്ചോളം പേരെ കാണാതായി. വെള്ളിയാഴ്ച രാത്രി വൈഡ് ബേ മേഖലയിലെ കനിഗനിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് കാര്‍ മുങ്ങി ഒരാള്‍ മരിച്ചത്. രാത്രി ഏഴരയോടെ ചെറി ട്രീ റോഡില്‍നിന്ന് കാര്‍ ഒഴുകിപ്പോകുകയായിരുന്നു. സണ്‍ഷൈന്‍ കോസ്റ്റില്‍നിന്നുള്ള 22 വയസുകാരനെയാണ് കാറില്‍ മരിച്ച നിലയില്‍ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. ഇയാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നതെന്ന് ക്വീന്‍സ് ലന്‍ഡ് പോലീസ് പറഞ്ഞു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വെള്ളത്തില്‍ മുങ്ങിയ കാറില്‍നിന്ന് മൃതദേഹം പുറത്തെടുക്കാനായത്. വാഹനങ്ങളില്‍ കുടുങ്ങിയ മറ്റുള്ളവര്‍ക്കായും പോലീസ് തെരച്ചില്‍ തുടരുകയാണ്.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 11 വാഹനങ്ങളില്‍നിന്നു 23 പേരെ രക്ഷപ്പെടുത്താന്‍ പോലീസിന്റെ സഹായം തേടിയിരുന്നു. ഇവരില്‍ എട്ട് പേരെ രക്ഷപ്പെടുത്തി. എന്നാല്‍ ബാക്കിയുള്ള 15 പേരെ കണ്ടെത്താനായിട്ടില്ല. കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് പല പ്രദേശങ്ങളിലും എത്തിച്ചേരാനും കഴിഞ്ഞിട്ടില്ല. സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായത്തിനായി ആകെ 700-ലധികം കോളുകള്‍ ലഭിച്ചു.
വെള്ളിയാഴ്ച രാവിലെ തീരം കടന്ന സേത്ത് ചുഴലിക്കാറ്റാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായത്. വൈഡ് ബേ, ബര്‍നെറ്റ്, ഫ്രേസര്‍ കോസ്റ്റ്, ജിംപി എന്നീ മേഖലകളാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയത്. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചതിനാല്‍ ജനജീവിതം ദുഃസഹമായി.
ഇന്നും നാളെയും കനത്ത മഴ തുടരുന്നതിനാല്‍ മേരി നദിയില്‍ ജലനിരപ്പ് ഒന്‍പതു മീറ്ററോളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സമീപവാസികളായ മേരിബറോ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കനിഗന്‍ മൗണ്ടില്‍ 24 മണിക്കൂറിനുള്ളില്‍ 650 മില്ലിമീറ്റര്‍ വരെ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. മറ്റിടങ്ങളില്‍ 200 മുതല്‍ 300 മില്ലിമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. നദിയിലെ ജലനിരപ്പ് 16.75 മീറ്ററിലെത്തി.
കാര്‍ ഒഴുകിപ്പോയതിനെതുടര്‍ന്ന് ഒരാള്‍ മരിച്ച കനിഗന്‍ മേഖലയിലെ റോഡ്.
കനത്ത മഴയുടെ ഭൂരിഭാഗവും ജിംപിക്കും ടിയാരോയ്ക്കുമിടയിലാണ് പെയ്തതെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി ഉദ്യോഗസ്ഥ ലോറ ബോകെല്‍ പറഞ്ഞു. 12 മണിക്കൂറിനുള്ളില്‍ 600-ലധികം മില്ലിമീറ്റര്‍ മഴ എന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ അസാധാരണമായ മഴയാണുണ്ടായത്. കനത്ത മഴയും വെള്ളപ്പൊക്കവും അപ്രതീക്ഷിതമായിരുന്നുവെന്ന് ക്വീന്‍സ്ലന്‍ഡ് പ്രീമിയര്‍ അന്നസ്റ്റാസിയ പലാസ്സുക്ക് പറഞ്ഞു. മേരിബറോ, ടിയാരോ, മിവ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിക്ടോറിയ സംസ്ഥാനത്തും വെള്ളിയാഴ്ച വീശിയ കൊടുങ്കാറ്റില്‍ മഴയും വെള്ളപ്പൊക്കവുമുണ്ടായി. വൈദ്യുതി മഞ്ഞുകട്ടകളുടെ വീഴ്ച്ചയും റിപ്പോര്‍ട്ട് ചെയ്തു. മെല്‍ബണിന്റെ പടിഞ്ഞാറന്‍ മേഖലകളാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിയത്.
വ്യാഴാഴ്ച രാത്രി പോര്‍ട്ട്ലാന്‍ഡ് മേഖലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീഴുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26