മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ സംസ്ഥാനമായ സാകറ്റെകാസില്‍ ഗവര്‍ണറുടെ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട ആഡംബര കാറിനുള്ളില്‍ പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നു.
കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിലൂടെ സാകറ്റെകാസ് ഗവര്‍ണര്‍ ഡേവിഡ് മോണ്‍റിയല്‍ തന്നെയാണ് ഓഫീസിന് സമീപം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത്. മൃതദേഹങ്ങളില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാര്‍ കണ്ടെത്തുന്നത്.
തലസ്ഥാന നഗരിയില്‍ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷം നടന്ന സ്ഥലത്തായിട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. സംശയാസ്പദമായ രീതിയില്‍ ഒരു കാര്‍ പബ്ലിക് സെക്യുരിറ്റി ഏജന്‍സിയുടെ ശ്രദ്ധയിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വാഹനത്തിന്റെ ഉള്ളില്‍ പത്ത് മൃതദേഹങ്ങളാണ് ഉണ്ടായിരുന്നതെന്ന് ഫെഡറല്‍ സെക്യൂരിറ്റി മന്ത്രാലയം പറഞ്ഞു. ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒടിച്ചുമടക്കി കുത്തിനിറച്ച നിലയിലാണ് കാറില്‍ ഉണ്ടായിരുന്നത്.
മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടല്‍ പതിവായി നടക്കുന്ന സംസ്ഥാനമാണ് സാകറ്റെകാസ്. സംസ്ഥാനത്തെ പ്രധാന മയക്കുമരുന്ന് സംഘങ്ങളായ സിനാലോവയുടെയും ജാലിസ്‌കോ ന്യൂ ജനറേഷന്റെയും വിഹാരകേന്ദ്രമാണ് സാകറ്റെകാസ്. യു.എസിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന മാര്‍ഗമായ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഇരുസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നതും പതിവാണ്.
ഇത്തരം സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ബാക്കിപത്രമാണോ ഈ മൃതദേഹങ്ങളെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം വീണ്ടെടുക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തൊട്ടുപിന്നാലെ ട്വിറ്ററിലൂടെയാണ് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തായി അദ്ദേഹം അറിയിച്ചത്. അതേസമയം അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സാകറ്റെകാസില്‍ 2021-ല്‍ മാത്രം 1,050 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020 ലാകട്ടെ 260-ല്‍ കൂടുതല്‍ കൊലപാതകങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്ന പ്രധാന കേന്ദ്രമായാണ് മെക്‌സിക്കോ അറിയപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.