'മൗനം വെടിയൂ മോഡിജീ': വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് പ്രധാന മന്ത്രിയോട് വിദ്യാര്‍ഥികള്‍

'മൗനം വെടിയൂ മോഡിജീ': വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് പ്രധാന മന്ത്രിയോട് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെയും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി.

പ്രധാനമന്ത്രിയുടെ മൗനം ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നും കത്തില്‍ കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഹിന്ദുത്വ സംഘടനകളും സന്ന്യാസിമാരും സംഘടിപ്പിച്ച മത പാര്‍ലമെന്റില്‍ വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളും അധികൃതരും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങളും മത വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കുള്ള ആഹ്വാനങ്ങളും ജാതിയടിസ്ഥാനത്തിലുള്ള ആക്രമണങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബംഗളൂരു എന്നിവിടങ്ങളിലെ 13 അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 183 പേരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണിപ്പോള്‍. ആരാധനാലയങ്ങള്‍ പോലും ആക്രമിക്കപ്പെടുന്നു. പ്രധാനമന്ത്രി മൗനം ഭഞ്ജിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പ്രതികരിക്കണമെന്ന് കത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.