ന്യൂഡല്‍ഹി: കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ചുമടങ്ങ് വരെ അധികമാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധയെ തുടര്‍ന്ന് ലഭിക്കുന്ന സ്വാഭാവിക രോഗ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമിക്രോണ്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് കാര്യ റീജിണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്റി പി ക്ലൂഗെ പറഞ്ഞു.
അതിനാല്‍ കോവിഡ് വന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം. മുന്‍പ് കോവിഡ് വന്നവര്‍ക്കും വാക്സിനെടുക്കാത്തവര്‍ക്കും മാസങ്ങള്‍ക്ക് മുന്‍പ് വാക്സിനെടുത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കാം. അതിനാല്‍ വാക്സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതമാകാന്‍ ശ്രമിക്കണം. വീണ്ടും അണുബാധ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. ടെസ്റ്റ് കൂട്ടി കോവിഡ് ബാധിതരെ ഉടന്‍ തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി എല്ലാവരെയും നിരീക്ഷണത്തിലാക്കി എന്ന് ഉറപ്പാക്കണം. പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ അതിനെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ആദ്യമായി ഈയാഴ്ച യൂറോപ്പില്‍ പുതിയ കോവിഡ് ബാധിതര്‍ പത്തുലക്ഷം കടന്നു. നിലവില്‍ യൂറോപ്പില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 കോടി കടന്നിരിക്കുകയാണ്. ആഗോള തലത്തില്‍ കോവിഡ് ബാധിച്ചവരില്‍ മൂന്നില്‍ ഒരാള്‍ യൂറോപ്പില്‍ നിന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.