നടിയെ ആക്രമിച്ച കേസ്: എല്ലാ വെളിപ്പെടുത്തലും അന്വേഷണ പരിധിയില്‍ വരുമെന്ന് എഡിജിപി ശ്രീജിത്ത്

 നടിയെ ആക്രമിച്ച കേസ്: എല്ലാ വെളിപ്പെടുത്തലും അന്വേഷണ പരിധിയില്‍ വരുമെന്ന് എഡിജിപി ശ്രീജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി നിര്‍ദ്ദേശാനുസരണം അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെയടക്കം വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയില്‍ വരുമെന്നും അന്വേഷണ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തുക. ഇതു സംബന്ധിച്ച് ബാലചന്ദ്രകുമാറിന് കോടതി സമന്‍സ് അയച്ചു.

കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടന്‍ ദിലീപടക്കമുളളവര്‍ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖകളടക്കമാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അടുത്തയിടെ പുറത്തു വിട്ടത്. കേസില്‍ നിര്‍ണായകമായേക്കുന്ന തെളിവുകളാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.

എന്നാല്‍ ഈ ആക്രമണ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തുന്നു. ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളുമുണ്ട്.

അതിന് ശേഷം ഇക്കാര്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് ബാലചന്ദ്ര കുമാര്‍ ദിലീപിനെ വിളിച്ചപ്പോള്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്ര കുമാറിനെ തിരുവനന്തപുരത്ത് കാണാന്‍ വന്നുവെന്നും ഇതിന് തെളിവായി വാട്‌സാപ്പില്‍ അയച്ച ഓഡിയോ മെസേജും സംവിധായകന്‍ പുറത്തു വിട്ടിരുന്നു.

കേസില്‍ ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാണ് വിചാരണ കോടതിയുടെ നിര്‍ദ്ദേശം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.