മാവിനുള്ളില്‍ വീടോ, അതോ വീടിനുള്ളില്‍ മാവോ? ലിംക ബുക്ക്സില്‍ ഇടം നേടിയ മരവീട് !

മാവിനുള്ളില്‍ വീടോ, അതോ വീടിനുള്ളില്‍ മാവോ? ലിംക ബുക്ക്സില്‍ ഇടം നേടിയ മരവീട് !

കുല്‍ പ്രദീപ് സിങ് എന്ന ഉദയ്പൂര്‍ സ്വദേശി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതിന് കാരണം അദ്ദേഹത്തിന്റെ വീട് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചു എന്നതാണ്. ഈ റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ പ്രദീപ് സിംഗിനെ സഹായിച്ചതോ അദ്ദേഹത്തിന്റെ പ്രകൃതി സ്നേഹവും.

മൂന്ന് നില കെട്ടിടമാണ് സിംങിന്റെ വീട്. ഒറ്റക്കാഴ്ചയില്‍ ഒരു മരത്തിന്മേല്‍ പണിത വീടായാണ് സിംങിന്റെ വീടിനെ അടയാളപ്പെടുത്തുക. കാരണം നാല്‍പത് അടി ഉയരമുള്ള മാവിനെ നോവിക്കാതെയാണ് സിംങ് തല്‍സ്ഥാനത്ത് വീട് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയിലും ബെഡ്റൂമിലും തുടങ്ങി സകല മുറികളിലൂടെയുമാണ് മാവിന്റെ ശിഖിരങ്ങള്‍ കടന്നു പോകുന്നത്. കിളികളും കൊച്ചു കുരുവികളും ചേര്‍ന്നാണ് ഓരോ പ്രഭാതത്തിലും സിംങിനെ ഉണര്‍ത്തുക. മാവുകായ്ച്ചാല്‍ ബെഡ്റൂമില്‍ കിടന്നുകൊണ്ട് മാങ്ങ പറിക്കാം. അങ്ങനെ തീര്‍ത്തും വ്യത്യസ്തമായ അപൂര്‍വ അനുഭവമാണ് ഈ വീട്ടില്‍ നിന്നും ലഭിക്കുന്നത്.

1999ല്‍ ഉദയ്പൂരില്‍ സ്ഥലം വാങ്ങിയ സിംങ് അവിടെ വീട് പണിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മധ്യഭാഗത്തായി നില്‍ക്കുന്ന മാവ് എന്ത് ചെയ്യുമെന്ന ആശയകുഴപ്പത്തിലായിരുന്നു. അപ്പോഴാണ് മാവിനെ നിലനിര്‍ത്തി കൊണ്ട് തന്നെ വീട് പണിയാന്‍ സിംങ് തീരുമാനിച്ചത്. വിദഗ്ധനായ ആര്‍ക്കിടെക്റ്റിന്റെ സഹായത്തോടെ വീടിന് രൂപരേഖ തയ്യാറാക്കി ഒരു വര്‍ഷം കൊണ്ട് വീട് പണിതു. നിലത്ത് നിന്നും ഒന്‍പത് അടി ഉയരത്തിലാണ് വീട് നിര്‍മിച്ച് തുടങ്ങിയത്. മരം തന്നെയാണ് വീടിനെ താങ്ങി നില്‍ക്കുന്നതും. ഈ മൂന്ന് നില വീട്ടില്‍ രണ്ട് ബെഡ്റൂമുകള്‍, അടുക്കള, ലൈബ്രററി, ലിവിംങ് ഏരിയ എന്നിവയുണ്ട്.

പിന്നീട് മാവ് വളരുന്നതിന് അനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി. ശിഖിരങ്ങളില്‍ കൂടുകൂട്ടിയ കൊച്ചുകിളികളും അണ്ണാനുമെല്ലാം സിംഗിന്റെ കുടുംബാംഗങ്ങളായി. 11 വര്‍ഷത്തിനുള്ളില്‍ വീടിന്റെ നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി എത്ര പണം ചിലവായെന്ന് തിട്ടമില്ലെങ്കിലും 75കാരനായ സിംങ് തീര്‍ത്തും സംതൃപ്തനാണ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ വീട് കാണാന്‍ നിരവധി വിനോദസഞ്ചാരികളും സിംങിനെ തേടിയെത്താറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.