ക്വീന്‍സ് ലന്‍ഡില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന: സ്‌കൂള്‍ തുറക്കുന്നത് രണ്ടാഴ്ച്ച വൈകും

ക്വീന്‍സ് ലന്‍ഡില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന: സ്‌കൂള്‍ തുറക്കുന്നത് രണ്ടാഴ്ച്ച വൈകും

ബ്രിസ്ബന്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലന്‍ഡില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഞായറാഴ്ച്ച 18,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് റെക്കോര്‍ഡ് വര്‍ധനയാണ്. ഇതോടെ സ്‌കൂള്‍ തുറക്കുന്നത് രണ്ടാഴ്ച്ച വൈകുമെന്ന് പ്രീമിയര്‍ അന്നസ്റ്റാസിയ പലാസ്സുക്ക് അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ജനുവരി 24-നാണ് ക്ലാസുകള്‍ ആരംഭിക്കാനിരുന്നത്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് ഫെബ്രുവരി ഏഴിലേക്കു നീട്ടി. അതേസമയം 11, 12 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 31 മുതല്‍ റിമോട്ട് ലേണിംഗ് ആരംഭിക്കും.

ജനുവരി അവസാന വാരത്തിലും ഫെബ്രുവരി ആദ്യ ആഴ്ച്ചയും ക്വീന്‍സ് ലന്‍ഡില്‍ ഒമിക്രോണ്‍ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രവചനമെന്ന് പ്രീമിയര്‍ പറഞ്ഞു. കോവിഡ് തരംഗത്തിന്റെ ഈ മൂര്‍ദ്ധന്യത്തില്‍ വീണ്ടും സ്‌കൂള്‍ ആരംഭിക്കുന്നത് അഭികാമ്യമല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

നഷ്ടമായ അധ്യയനസമയം പരിഹരിക്കാന്‍ ഡിസംബറില്‍ സ്‌കൂള്‍ അടയ്ക്കുന്നത് വൈകിപ്പിക്കും. ഡിസംബര്‍ ഒന്‍പതിനു പകരം 16-നായിരിക്കും അധ്യയന വര്‍ഷം അവസാനിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് 402 കോവിഡ് രോഗികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ 22 പേരും വെന്റിലേറ്ററില്‍ അഞ്ച് പേരും കഴിയുന്നുണ്ട്.

പുതുതായി രേഖപ്പെടുത്തിയ 18000 കോവിഡ് കേസുകളില്‍ 4320 എണ്ണം റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 37,951 പരിശോധനകളാണു നടത്തിയത്. ക്യൂന്‍സ് ലന്‍ഡില്‍ നിലവില്‍ 80,563 സജീവ കേസുകളുണ്ട്.

സംസ്ഥാനത്ത് 16 വയസിന് മുകളിലുള്ള 91.1 ശതമാനം പേര്‍ ആദ്യ ഡോസും 87.67 ശതമാനം രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.