ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് ഇന്റര്‍നാഷണല്‍;ഒരു മാസം 3.542 ദശലക്ഷം സീറ്റ്

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് ഇന്റര്‍നാഷണല്‍;ഒരു മാസം 3.542 ദശലക്ഷം സീറ്റ്

ലണ്ടന്‍: ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ട്രാവല്‍ ഡാറ്റ പ്രൊവൈഡര്‍ ആയ ഒഎജിയുടെ കണക്കനുസരിച്ച്, ഡിസംബറില്‍ 3.542 ദശലക്ഷം പേരാണ് ഇതു വഴി യാത്ര ചെയ്തത്

രണ്ടാം സ്ഥാനത്തുള്ള ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തേക്കാള്‍ ഒരു ദശലക്ഷത്തിലധികം സീറ്റിംഗ് കപ്പാസിറ്റി രെഖപ്പെടുത്തി ദുബായ്. ഹീത്രൂ വിമാനത്താവളം 2.5 ദശലക്ഷം സീറ്റുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേത് 2.42 ദശലക്ഷം സീറ്റുകളായിരുന്നു.

ഡിസംബര്‍ പകുതിയോടെ ദുബായ് വിമാനത്താവളം പൂര്‍ണ സജ്ജമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയ്ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് പ്രത്യേക 'സ്മാര്‍ട്ട് പദ്ധതി' ആവിഷ്‌കരിച്ചു. ഇതോടെയാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ മാത്രം നടത്തുന്നവയില്‍ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും ദുബായ്ക്ക് ലഭിച്ചത്.

എല്ലാ ടെര്‍മിനലുകളും കോണ്‍കോഴ്സുകള്‍, ലോഞ്ചുകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയും ഡിസംബര്‍ പകുതിയോടെ 100 ശതമാനം പ്രവര്‍ത്തന ശേഷിയിലേക്ക് തിരിച്ചെത്തിച്ചു ദുബായ്. പ്രതിമാസം 1.6 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കാനാകുന്ന ടെര്‍മിനല്‍ 3 ലെ കോണ്‍കോര്‍സ് എ യുടെ അവസാന ഘട്ടം ഡിസംബര്‍ രണ്ടാം പകുതിയില്‍ തുറന്നത് ഏറ്റവും ഉയര്‍ന്ന സീസണല്‍ യാത്രാ കാലയളവില്‍ യാത്രക്കാര്‍ക്കു സൗകര്യപ്രദമായി.2021 ന്റെ ആദ്യ പകുതിയില്‍ ദുബായ് എയര്‍പോര്‍ട്ട് ട്രാഫിക് 10.6 ദശലക്ഷത്തിലെത്തി. 2021 അവസാനത്തോടെ ഇത് 28.9 ദശലക്ഷമായെന്നാണ് ഏകദേശ കണക്ക്. കോവിഡ് വ്യാപിക്കുന്നതിനു മുമ്പ് 2019 ഡിസംബറില്‍ സീറ്റുകളുടെ അടിസ്ഥാനത്തില്‍ (ആഭ്യന്തരവും അന്തര്‍ദേശീയവും) ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ദുബായ്.

ഒഎജിയുടെ കണക്കനുസരിച്ച് , ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇടം നേടിയ മറ്റ് വിമാനത്താവളങ്ങളില്‍ പാരിസ് ചാള്‍സ് ഡി ഗോള്‍ (2.28 ദശലക്ഷം സീറ്റുകള്‍), ഇസ്താംബുള്‍ (2.09 ), ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍ (2.04 ), ദോഹ (1.765 ), മാഡ്രിഡ് അഡോള്‍ഫോ സുവാരസ് ബരാജാസ് (1.51 ) , ന്യൂയോര്‍ക്ക് ജെഎഫ് കെന്നഡി (1.33 ), മിയാമി ഇന്റര്‍നാഷണല്‍ (1.12 ) എന്നിവയാണുള്ളത്. തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ റാങ്കിംഗ് ഡിസംബറിലെ ഷെഡ്യൂള്‍ ചെയ്ത ശേഷിയെ അടിസ്ഥാനമാക്കിയുള്ളതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.