മരുഭൂമിയില്‍ ജ്വാല വമിപ്പിക്കുന്ന 'നരക വാതില്‍' അടയ്ക്കാനുറച്ച് തുര്‍ക്ക്മെനിസ്ഥാന്‍ പ്രസിഡന്റ്

മരുഭൂമിയില്‍ ജ്വാല വമിപ്പിക്കുന്ന 'നരക വാതില്‍' അടയ്ക്കാനുറച്ച് തുര്‍ക്ക്മെനിസ്ഥാന്‍  പ്രസിഡന്റ്


അഷ്‌കാബാത്ത്(തുര്‍ക്ക്മെനിസ്ഥാന്‍) : പതിറ്റാണ്ടുകളായി പ്രകൃതിവാതകം കത്തിയുള്ള കൂറ്റന്‍ തീ ജ്വാലകളുമായി മരുഭൂമിയിലെ 'നരകവാതില്‍' എന്ന പേരില്‍ ഭീതി വിതയ്ക്കുന്ന വമ്പന്‍ ഗര്‍ത്തം ഏതു വിധേനയും മൂടിക്കളയണമെന്ന നിര്‍ദ്ദേശവുമായി തുര്‍ക്ക്മെനിസ്ഥാന്‍ പ്രസിഡന്റ്. സദാ കത്തിക്കൊണ്ടിരിക്കുന്ന തീ കെടുത്താനുള്ള മാര്‍ഗ്ഗം ആദ്യം നോക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 2010 ലും വിദഗ്ധരോട് തീ അണയ്ക്കാന്‍ പ്രസിഡന്റ ബെര്‍ഡിമുഖമെദോവ് ആവശ്യപ്പെട്ടിരുന്നു. നിരവധി ശ്രമങ്ങള്‍ ഇതിനായി നടന്നെങ്കിലും ഫലിച്ചില്ല.

തുര്‍ക്ക്മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗാബത്തില്‍ നിന്ന് ഏകദേശം 260 കിലോമീറ്റര്‍ (160 മൈല്‍) വടക്കായുള്ള ഈ ജ്വലിക്കുന്ന പ്രകൃതി വാതക ഗര്‍ത്തവുമായി ബന്ധപ്പെട്ട് നിഗൂഢതകളും അഭ്യൂഹങ്ങളും ഏറെയാണ്. മേഖലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. പാരിസ്ഥിതികവും ആരോഗ്യപരവുമായ കാരണങ്ങളാലും പ്രകൃതിവാതക കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് തന്റെ തീരുമാനമെന്ന് പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ഡിമുഖമെദോവ് പറഞ്ഞു.

തീയുടെ കാരണങ്ങള്‍ക്കു പിന്നില്‍ ചില ഊഹങ്ങളാണുള്ളത്. 1971 ല്‍ സോവിയറ്റ് ഡ്രില്ലിംഗ് ഓപ്പറേഷനിലുണ്ടായ പിഴവാണ് 60 മീറ്റര്‍ (190 അടി) വ്യാസവും 20 മീറ്റര്‍ (70 അടി) ആഴവുമുള്ള ഗര്‍ത്തം രൂപപ്പെടാന്‍ ഇടയാക്കിയതെന്നാണ് പലരും വിശ്വസിക്കുന്നത്. കനേഡിയന്‍ പര്യവേക്ഷകനായ ജോര്‍ജ്ജ് കുറൂണിസ് 2013-ല്‍ ഗര്‍ത്തത്തിന്റെ ആഴം പരിശോധിച്ചു. എന്നാല്‍ അത് എങ്ങനെയാണ് ആവിര്‍ഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

തുര്‍ക്ക്‌മെന്‍ ജിയോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍, 1960 കളില്‍ ഗര്‍ത്തം രൂപപ്പെട്ടെങ്കിലും 1980 കളില്‍ മാത്രമാണ് ഇത് കത്തിയത്.ചീറ്റിവന്ന പ്രകൃതി വാതകം അപകടകരമായി പരക്കാതിരിക്കാന്‍ ജിയോളജിസ്റ്റുകള്‍ തീ വെച്ചതായിരുന്നത്രേ. വൈകാതെ വാതക പ്രവാഹം നിലച്ച് തീ കെടുമെന്ന കണക്കുകൂട്ടല്‍ പാളി. ഗര്‍ത്തത്തില്‍ നിന്ന് തീ ഉയരുന്നത് കാരണം പ്രകൃതി വിഭവങ്ങള്‍ നശിക്കുന്നു. പരിസ്ഥിതിക്ക് നാശം സംഭവിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിനായി ഉപയോഗിക്കാവുന്ന വലിയ സമ്പത്താണ് നശിക്കുന്നത്. ഇക്കാരണം കൊണ്ടാണ് തീ അണയ്ക്കുന്നത് എന്നാണ് പ്രസിഡന്റിന്റെ നിലപാടെന്ന് ദേശീയ മാധ്യമമായ നെയ്ട്രാള്‍നി തുര്‍ക്ക്‌മെനിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.