കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലായതിനു പിന്നാലെയുണ്ടായ കൂട്ടപലായനത്തിനിടെ അമേരിക്കന്‍ സൈനികന് കൈമാറിയ ശിശുവിനെ മാസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി. രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിനു മുന്നിലെത്തിയ രക്ഷിതാക്കള്‍ മുള്ളുവേലിക്കു മുകളിലൂടെ അമേരിക്കന്‍ സൈനികന്റെ കൈയിലേക്ക് നല്‍കിയ കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ യു.എസ് സേനയ്ക്ക് എറിഞ്ഞു കൊടുക്കുന്ന വീഡിയോ ഏവരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു.
സൊഹൈല്‍ അഹ്‌മദി എന്ന പിഞ്ചുകുഞ്ഞിനെയാണ് സൈനികന് കൈമാറിയത്. രാജ്യം വിടാനുള്ള ശ്രമത്തിനിടയില്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സൊഹൈലിന്റെ പിതാവ് വിമാനത്താവളത്തിന്റെ മതിലില്‍ നിന്ന അമേരിക്കന്‍ സൈനികന്റെ കൈയിലേക്ക് കുഞ്ഞിനെ നല്‍കിയത്. പിന്നീടുണ്ടായ തിക്കിലും തിരക്കിലും കുഞ്ഞിനെ കാണാതാവുകയായിരുന്നു. അന്ന് കൈമാറിയ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു രക്ഷിതാക്കള്‍. നാലു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. ശനിയാഴ്ച കാബൂളിലുള്ള ബന്ധുക്കള്‍ക്ക് സൊഹൈല്‍ അഹ്‌മദിയെ കൈമാറി.
താലിബാന്‍ ക്രൂരത ഭയന്ന് പലായനം ചെയ്തവരുടെ നേര്‍ ചിത്രമായി കുഞ്ഞിനെ മതിലിന് മുകളിലൂടെ കൈമാറുന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍ മാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് കാണാതാവുന്ന സമയത്ത് വെറും രണ്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. താലിബാനെ ഭയന്ന് രാജ്യം വിടുന്നവര്‍ വിമാനത്താവളത്തിലേക്ക് ഇരച്ചു കയറിയതിന് പിന്നാലെയാണ് പരിഭ്രാന്തരായ രക്ഷിതാക്കള്‍ മുള്ളുവേലിക്ക് പുറത്തുകൂടെ നവജാത ശിശുവിനെ സൈനികന്റെ കൈയില്‍ ഏല്‍പ്പിച്ചത്. പെട്ടെന്ന് തന്നെ വിമാനത്താവളത്തിന്റെ ഗേറ്റ് കടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞിനെ കൈമാറിയത്.
ഹമീദ് സാഫിക്കും ഭാര്യക്കുമൊപ്പം സൊഹൈൽ
ഈ സമയത്താണ് താലിബാന്‍ സേന ജനക്കൂട്ടത്തെ വിമാനത്താവള കവാടത്തില്‍ നിന്ന് തള്ളിമാറ്റിയത്. ഇതോടെ പിതാവായ മിര്‍സ അലിയും ഭാര്യയും നാലു മക്കളും വിമാനത്താവളത്തിനുള്ളിലും കുട്ടി പുറത്തുമായി.
അരമണിക്കൂറില്‍ അധികമെടുത്താണ് മിര്‍സ അലിക്കും കുടുംബത്തിനും വിമാനത്താവളത്തിന് അകത്ത് കടക്കാന്‍ സാധിച്ചത്. വിമാനത്താവളത്തിന് അകത്തെത്തി കുഞ്ഞിനെ തെരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വിമാനമാര്‍ഗം അമേരിക്ക മിര്‍സയെയും കുടുംബത്തെയും ടെക്‌സാസിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
കുഞ്ഞിനെ കാണാതായ സംഭവം വിവരിച്ച് കഴിഞ്ഞ നവംബറില്‍ റോയിട്ടേഴ്‌സ് പ്രത്യേക സ്റ്റോറി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 29 വയസ് പ്രായമുള്ള ടാക്‌സി ഡ്രൈവര്‍ ഹമീദ് സാഫിയുടെ കൈവശം കുഞ്ഞിനെ കണ്ടെത്തുന്നത്. വിമാനത്താവളത്തില്‍ നിന്ന് കിട്ടിയ കുഞ്ഞിനെ വളര്‍ത്തുകയായിരുന്നു ഇയാള്‍.
കുഞ്ഞിനെ മിര്‍സ അലിക്ക് നഷ്ടപ്പെടുന്ന സമയത്ത് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ടാക്‌സി ഡ്രൈവറായ ഹമീദ് സാഫിയും ഉണ്ടായിരുന്നു. അഫ്ഗാനില്‍ നിന്ന് പോകാന്‍ തീരുമാനിച്ച സഹോദരനെയും കുടുംബത്തെയും വിമാനത്താവളത്തില്‍ എത്തിക്കാനാണ് സാഫി എത്തിയത്. വിമാനത്താവളത്തിലെ തിക്കിനും തിരക്കിനുമിടയില്‍ ഒറ്റപ്പെട്ട് നിലത്ത് കിടന്നു കരയുന്ന കുഞ്ഞ് സാഫിയുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ സൊഹൈലിനെ വീട്ടിലേക്ക് കൊണ്ടു പോകാനും മറ്റ് മൂന്നു പെണ്‍മക്കള്‍ക്കൊപ്പം സ്വന്തം മകനെപ്പോലെ വളര്‍ത്താനും സാഫി തീരുമാനിച്ചു. കുഞ്ഞിന്റെ കുടുംബത്തെ കണ്ടെത്തിയാല്‍ അവര്‍ക്ക് കൈമാറാനും ഇല്ലെങ്കില്‍ വളര്‍ത്താനുമായിരുന്നു സാഫിയുടെ തീരുമാനം. മരിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മകന്‍ ജനിക്കണമെന്നായിരുന്നു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്നും സാഫി പറയുന്നു.
കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിച്ച് പരിശോധിച്ച് ആരോഗ്യ പ്രശ്‌നങ്ങളിലെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന്, 'മുഹമ്മദ് ആബിദ്' എന്ന് പേരുമിട്ടു. മറ്റ് കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന സൊഹൈലിന്റെ ചിത്രങ്ങള്‍ സാഫി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. സൊഹൈലിനെ കാണാതായെന്ന റോയിട്ടേഴ്‌സ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, മാസങ്ങള്‍ക്ക് മുമ്പ് വിമാനത്താവളത്തില്‍ നിന്ന് കുട്ടിയുമായി സാഫി എത്തിയത് അയല്‍വാസികളില്‍ ചിലര്‍ ഓര്‍ത്തെടുത്തു. കുട്ടിയുടെ ചിത്രം തിരിച്ചറിഞ്ഞ ഇവര്‍ സൊഹൈല്‍ എവിടെയാണെന്നത് റോയിട്ടേഴ്‌സ് ലേഖനത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന ഭാഗത്ത് രേഖപ്പെടുത്തി.
ഏഴ് ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും താലിബാന്‍ പോലീസിന്റെ ഇടപെടലിനും പിന്നാലെ കുഞ്ഞിനെ മുത്തച്ഛന് കൈമാറാന്‍ ഇയാള്‍ സമ്മതം മൂളുകയായിരുന്നു. യുഎസ് എംബസിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി സേവനം ചെയ്യുകയാണ് മിര്‍സ അലി. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് കാബൂളിലെ ബന്ധുക്കള്‍. നിലവില്‍ അമേരിക്കയിലെ ടെക്സാസിലെ അഭയാര്‍ത്ഥി ക്യാംപില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് മിര്‍സ അലിയും ഭാര്യ സുരയയും.
ദിവസങ്ങളോളം അന്വേഷിച്ച് കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതിന് പിന്നാലെ മിര്‍സ അലിയെയും കുടുംബത്തെയും ആദ്യം ഖത്തറിലേക്കും അവിടെ നിന്ന് ജര്‍മനിയിലേക്കും ഒടുവില്‍ യുഎസിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തുമെന്ന യുഎസ് സൈന്യത്തിന്റെ വാക്ക് ഫലിച്ച സന്തോഷത്തിലാണ് മാതാപിതാക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.