വത്തിക്കാന്‍ സിറ്റി: ഹൃദയത്തെ ദൈവത്തിലേക്ക് തുറക്കാനുപകരിക്കുന്ന താക്കോല്‍ ആണ് പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 'ഒരു രക്ഷപ്പെടല്‍ വഴിയല്ല' പ്രാര്‍ത്ഥന ; മറിച്ച് നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തിനു വഴിയൊരുങ്ങുകയാണ് ഇതിലൂടെയെന്ന് ഞായറാഴ്ച ദിവ്യബലി മധ്യേയുള്ള പ്രസംഗത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു.
യേശു ജോര്‍ദാന്‍ നദിയുടെ തീരത്തേക്ക് പോയി സ്‌നാപക യോഹന്നാനില്‍ നിന്ന് സ്‌നാനം ഏല്‍ക്കുന്ന സുവിശേഷ ഭാഗത്തെ അടിസ്ഥാനമാക്കിയായിരുന്നു മാര്‍പാപ്പയുടെ വചന സന്ദേശം. ഇതോടെയാണ് യേശുവിന്റെ പൊതുജീവിതം ആരംഭിക്കുന്നത്. 'ഏകദേശം മുപ്പത് വര്‍ഷത്തെ രഹസ്യ ജീവിതത്തിനു ശേഷം, യേശു കുറച്ച് അത്ഭുതങ്ങള്‍ കാണിക്കുകയോ പഠിപ്പിക്കാന്‍ ഒരു ദേവാലയത്തില്‍ ചെല്ലുകയോ അല്ല ചെയ്തത്; യോഹന്നാനില്‍ നിന്നു സ്‌നാനം ഏല്‍ക്കാന്‍ പോകുന്ന പാപികള്‍ക്കൊപ്പം അണി ചേര്‍ന്നു. യേശു പാപികളായ നമ്മുടെ ഒപ്പം വന്നു.സ്വയം കീഴ്‌പ്പെട്ട് പാപികളെപ്പോലെ വെള്ളത്തില്‍ മുങ്ങി.'
മാമോദീസ സ്വീകരിച്ച നിമിഷം യേശു പ്രാര്‍ത്ഥിക്കുകയായിരുന്നു എന്ന വചനഭാഗം മുന്‍നിര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ തുടര്‍ന്നു: നമ്മുടേതു പോലെയായിരുന്നോ അവിടുത്തെ പ്രാര്‍ത്ഥന എന്ന് സ്വയം ചോദിക്കുന്നതു നല്ലതാണ്. 'അതെ'എന്നാകാം ഉത്തരം. സുവിശേഷത്തിലെ പല ഭാഗങ്ങളിലും യേശു പ്രാര്‍ത്ഥിക്കുന്നതായി പറയുന്നു. അവന്റെ പ്രാര്‍ത്ഥന പിതാവുമായി ഉറ്റബന്ധമുള്ള സജീവ സംഭാഷണമായിരുന്നു.ഈ സുവിശേഷ ഭാഗത്ത് യേശുവിന്റെ ജീവിതത്തിലെ രണ്ട് തരം നീക്കങ്ങള്‍ നമുക്ക് കാണാന്‍ കഴിയും: ഒരു വശത്ത്, അവന്‍ ജോര്‍ദ്ദാനിലെ വെള്ളത്തില്‍ നമ്മെപ്പോലെ നമ്മോടൊപ്പം വന്നിറങ്ങുന്നു. മറുവശത്ത്, പിതാവിനോടുള്ള പ്രാര്‍ത്ഥനയിലൂടെ ഹൃദയം അവിടുത്തെ സന്നിധിയിലേക്കുയര്‍ത്തുന്നു.
ഇത് നമുക്ക് ഒരു വലിയ പാഠമാകണം. നാമെല്ലാം ജീവിതത്തിന്റെ പ്രശ്നങ്ങളിലും നിരവധി സങ്കീര്‍ണ്ണ സാഹചര്യങ്ങളിലും മുഴുകിയിരിക്കുന്നു. ബുദ്ധിമുട്ടുള്ള നിമിഷങ്ങളും നമ്മെ താഴേക്ക് വലിച്ചെറിയുന്ന തിരഞ്ഞെടുപ്പുകളും നേരിടാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണു നമ്മള്‍. താഴെ വീഴാതിരിക്കാന്‍, പ്രാര്‍ത്ഥനയിലൂടെ നമുക്ക് മുകളിലേക്ക് ഉയരാനാകണം. പ്രാര്‍ത്ഥന നമ്മെ ദൈവവുമായി ഒന്നിപ്പിക്കുന്നു- മാര്‍പ്പാപ്പ പറഞ്ഞു.
പ്രാര്‍ത്ഥന ജീവിതത്തിന് ഓക്സിജന്‍ നല്‍കുകയും വേദനകള്‍ക്കിടയിലും ശ്വസിക്കാനുള്ള ഇടം നല്‍കുകയും കാര്യങ്ങള്‍ കൂടുതല്‍ വിശാലമായി കാണാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഊന്നിപ്പറഞ്ഞു. എല്ലാറ്റിനുമുപരിയായി, ജോര്‍ദാനിലെ യേശുവിന്റെ അതേ അനുഭവത്തിലേക്കു കടന്നുവരാന്‍ ശ്രമിക്കാം. പിതാവ് സ്‌നേഹിക്കുന്ന കുട്ടികളായി മാറാന്‍ ഇങ്ങനെ സാധ്യമാകും.'നമുക്ക് അവന്റെ വചനം കേള്‍ക്കാം'.നമ്മുടെ മാമോദീസയുടെ തീയതി മറക്കരുതെന്നു പറഞ്ഞുകൊണ്ടാണ് വചന സന്ദേശം മാര്‍പ്പാപ്പ ഉപസംഹരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26