ന്യൂയോര്‍ക്ക്: ഇലക്ട്രിക് ഹീറ്ററില്‍ നിന്നു പടര്‍ന്ന തീ ന്യൂയോര്‍ക്ക് നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ ആളിപ്പടര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റു.30 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇരുന്നൂറിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് ബ്രോന്‍ക്സിലെ 19 നിലകളുള്ള അപ്പാര്‍ട്ട്മെന്റിലെ തീയണച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഒരു കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ഹീറ്ററില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ ഡാനിയല്‍ നൈഗ്രോ പറഞ്ഞു. അതിവേഗം തീ പടര്‍ന്നു പിടിച്ചു.
ആദ്യം തീ പിടിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്ന് കിടന്നിരുന്നതിനാല്‍ തീയും പുകയും പെട്ടെന്ന് പടര്‍ന്നെന്ന് നൈഗ്രോ പറഞ്ഞു.ഗോവണി ഉയര്‍ത്തി അഗ്‌നിശമന സേനാംഗങ്ങള്‍ എത്തുമ്പോള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനലില്‍ നിന്ന് തീയും കട്ടിയുള്ള കറുത്ത പുകയും ഉയരുന്നതിന്റ ഫോട്ടോഗ്രാഫുകളും വീഡിയോകളും അയല്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കെട്ടിടത്തിന് ഫയര്‍ എസ്‌കേപ്പുകള്‍ ഇല്ലായിരുന്നു.
'19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മറ്റ് നിരവധി പേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം,' മേയര്‍ എറിക് ആഡംസ് സിഎന്‍എന്നിനോട് പറഞ്ഞു.'ഇത് നമ്മുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തീപിടുത്തങ്ങളിലൊന്നാകാം.'
അഗ്നി ഗോപുരമായി മാറിക്കൊണ്ടിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് അന്തേവാസികള്‍ നിലവിളിക്കുന്നതും രക്ഷപ്പെടാന്‍ കഴിയാതെ അവര്‍ നിരാശയോടെ കൈ വീശുന്നതും നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടിവന്നതിന്റ ഞെട്ടലിലാണ് അയല്‍വാസികള്‍. 'എല്ലാം കൈവിട്ടുപോയി' കെട്ടിടത്തിന് തൊട്ടടുത്ത് താമസിക്കുന്ന ജോര്‍ജ്ജ് കിംഗ് എഎഫ്പിയോട് പറഞ്ഞു.'15 വര്‍ഷമായി ഞാന്‍ ഇവിടെയുണ്ട്, ഈ പ്രദേശത്ത് ഇത്തരമൊരു ദുരന്തം ആദ്യമായാണ് കാണുന്നത്.'
'പുക ഭീകരമായിരുന്നു. ആളുകള്‍ പരിഭ്രാന്തരായെങ്കിലും ആരും കെട്ടിടത്തില്‍ നിന്ന് ചാടിയതായി കണ്ടില്ല. അവര്‍ ജനാലകളില്‍ നിന്ന് കൈവീശി കരഞ്ഞുകൊണ്ടിരുന്നു,'- ജോര്‍ജ്ജ് കിംഗ് കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ അഞ്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു; പലര്‍ക്കും ഹൃദയസ്തംഭനം, ശ്വാസതടസ്സം, കഠിനമായ പുക ശ്വസിച്ചുള്ള വൈഷമ്യങ്ങള്‍ എന്നിവ അനുഭവപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ഫിലാഡല്‍ഫിയയില്‍ മൂന്ന് നിലകളുള്ള പൊതു ഭവന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ എട്ട് കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടതിന് നാല് ദിവസത്തിന് ശേഷമാണ് ഈ ദുരന്തം.87 പേരുടെ മരണത്തിനിടയാക്കിയ ബ്രോന്‍ക്സിലെ ഹാപ്പി ലാന്‍ഡ് നിശാക്ലബ്ബില്‍ 1990-ല്‍ ഉണ്ടായ തീപിടുത്തത്തിന് ശേഷമുള്ള ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ നൈഗ്രോ പറഞ്ഞു.2017 ഡിസംബറില്‍ ഈ പ്രദേശത്തെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.