ബ്രിസ്ബന്‍: വെള്ളത്താല്‍ ചുറ്റപ്പെട്ട മരത്തില്‍ ചുറ്റിപ്പിടിച്ച് മരണത്തെ മുഖാമുഖം കണ്ട് രണ്ടു ദിവസം കഴിഞ്ഞ പിതാവിന്റെയും മകളുടെയും അതിജീവനകഥ പങ്കുവച്ച് ഓസ്ട്രേലിയയിലെ രക്ഷാപ്രവര്‍ത്തകര്‍.
ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തില്‍ നിന്നാണ് 40 വയസുകാരനായ പിതാവും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളും അത്ഭുകരമായി രക്ഷപ്പെട്ടത്. വെള്ളത്താല്‍ ചുറ്റപ്പെട്ട മരത്തില്‍ സ്വയം കെട്ടിയിട്ട് രണ്ടു ദിവസത്തോളം കഴിഞ്ഞ ശേഷമാണ് ഇരുവരും രക്ഷപ്പെട്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ, തണുപ്പിനെയും അതീജിവിച്ച ഇരുവരുടെയും അനുഭവം രക്ഷാപ്രവര്‍ത്തകര്‍ക്കു പോലും അത്ഭുതമായി. അവശരായ പിതാവിനെയും മകളെയും എമര്‍ജന്‍സി വിഭാഗം എത്തി സുരക്ഷിതമായി മാറ്റുകയായിരുന്നു.
ക്വീന്‍സ് ലന്‍ഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരത്തില്‍ ചുറ്റിപ്പിടിച്ച് രണ്ടു ദിവസം കഴിഞ്ഞ പിതാവിനെയും മകളെയും രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റുന്നു.
ജിംപി മേഖലയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ച് കാര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെടുകയായിരുന്നു. കാറിനുള്ളിലേക്കു വെള്ളം നിറഞ്ഞു തുടങ്ങിയതോടെ പിതാവും മകളും കാറിനു മുകളിലേക്കു കയറി. എന്നാല്‍ വീണ്ടും വെള്ളം ഉയരാന്‍ തുടങ്ങിയതോടെ ഇരുവരും ഒരു മരത്തിനു മുകളിലേക്കു കയറുകയായിരുന്നു.
രാത്രിയില്‍ പിതാവ് കാറിനടുത്തേക്കു നീന്തി ഒരു കയര്‍ എടുക്കുകയും അതുപയോഗിച്ച് മരക്കൊമ്പില്‍ ഇരുവരും പരസ്പരം കെട്ടിയിടുകയും ചെയ്തതാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. ഞായറാഴ്ച വെള്ളം ഇറങ്ങിയപ്പോള്‍ മരത്തില്‍ നിന്ന് താഴെയിറങ്ങിയ ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തകരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു.
പ്രാണികളുടെ ആക്രമണവും നിര്‍ജ്ജലീകരണവും അനുഭവപ്പെട്ട അച്ഛനെയും മകളെയും ഹെലികോപ്റ്ററില്‍ കിംഗ്റോയ് ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ ക്വീന്‍സ് ലന്‍ഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. തലസ്ഥാനമായ ബ്രിസ്ബനു സമീപമുള്ള വൈഡ് ബേ, ബര്‍നെറ്റ് മേഖലകളില്‍ നിരവധി പട്ടണങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കാര്‍ മുങ്ങി 22 വയസുള്ള ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
മേരിബറോ പട്ടണത്തില്‍ പത്തു മീറ്ററോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. മേരിബറോയിലെ ക്വീന്‍സ്പാര്‍ക്കില്‍ പ്രളയ ജലത്തിനൊപ്പം ബുള്‍ ഷാര്‍ക്ക് ഇനത്തിലെ സ്രാവും ഒഴുകിയെത്തിയ ദൃശ്യങ്ങള്‍ ക്വീന്‍സ് ലന്‍ഡ് എമര്‍ജന്‍സി വിഭാഗം പങ്കുവച്ചു.
വെള്ളപ്പൊക്കത്തില്‍ കാണാതായ 14 വയസുകാരിക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസും സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും തുടരുകയാണ്. മരത്തില്‍ ചുറ്റിപ്പിടിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ ശനിയാഴ്ച രക്ഷപ്പെടുത്തി. മരക്കൊമ്പിന് മുകളില്‍ രക്ഷ തേടിയതാണ് ഈ പെണ്‍കുട്ടിയും അച്ഛനുമെന്നാണ് നിഗമനം. അച്ഛനെ എമര്‍ജന്‍സി വിഭാഗം രക്ഷപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി വെള്ളത്തില്‍ ഒഴുകിപ്പോയതായി സംശയിക്കുന്നു. തിരച്ചില്‍ വെല്ലുവിളി നിറഞ്ഞതാണെന്നും പെണ്‍കുട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും ജില്ലാ സൂപ്രണ്ട് മൈക്കിള്‍ സാറേ പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ അകപ്പെടുന്ന സാഹചര്യങ്ങളില്‍ നിന്ന് ജനങ്ങള്‍ പരമാവധി ഒഴിഞ്ഞുനില്‍ക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.