മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ ഉടന്‍ ഇമിഗ്രേഷന്‍ തടങ്കലില്‍നിന്നു മോചിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയുടെ ഉത്തരവ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നതിനുള്ള വിലക്കും ഇതോടെ നീങ്ങി. കോവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ പേരിലാണ് മെല്‍ബണ്‍ വിമാനത്താവളത്തില്‍ എത്തിയ സെര്‍ബിയന്‍ താരം ജോക്കോയെ ഓസ്‌ട്രേലിയന്‍ അധികൃതര്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് താരം കോടതിയെ സമീപിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയില്‍ കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലിരിക്കെ കോവിഡ് വാക്‌സിനെടുക്കാതെ എത്തിയ താരത്തെ കരുതല്‍ തടങ്കലിലേക്കു മാറ്റിയിരുന്നു.
വിധി വന്ന്
30 മിനിറ്റിനുള്ളില്‍ ജോക്കോവിച്ചിനെ മോചിപ്പിക്കാനും പാസ്പോര്‍ട്ടും മറ്റ് രേഖകളും തിരികെ നല്‍കാനും ജഡ്ജി ആന്റണി കെല്ലി ഉത്തരവിട്ടു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ജോക്കോവിച്ചിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനെ വിമര്‍ശിച്ച ജഡ്ജി വിസ റദ്ദാക്കല്‍ യുക്തിരഹിതമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. താരത്തിന്റെ വിസ അസാധുവാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം കോടതി റദ്ദാക്കി.
ഡിസംബര്‍ 16ന് കോവിഡ് ബാധിതനായതിന്റെ സര്‍ട്ടിഫിക്കറ്റ് ജോക്കോ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കോവിഡ് പിടിപെട്ടതിന്റെ പിറ്റേദിവസം താരം പൊതുചടങ്ങില്‍ പങ്കെടുത്തുവെന്ന ആരോപണവും അതിനിടെ ഉയര്‍ന്നിട്ടുണ്ട്. സംഭവം ഓസ്‌ട്രേലിയയും സെര്‍ബിയയും തമ്മില്‍ നയതന്ത്ര തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയിലേക്കു പ്രവേശിക്കാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ രേഖകളില്ലാതെ എത്തിയ ജോക്കോയെ നാടു കടത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. താരത്തെ തടഞ്ഞ നടപടിയില്‍ മാതാപിതാക്കളും സെര്‍ബിയയും രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. നിരവധി ആരാധകരും പിന്തുണയുമായി താരത്തെ പാര്‍പ്പിച്ച ഹോട്ടലിനു മുന്നില്‍ എത്തി. എത്ര ഉന്നതനായാലും കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുണ്ടാകില്ലെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദങ്ങളെല്ലാം കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു.
ജനുവരി 17-ന് ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാണ് ആറിന് മെല്‍ബണ്‍ വിമാനത്താവളത്തില്‍ ജോക്കോ എത്തിയത്. എന്നാല്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കല്‍ ഇളവുകളോ ഹാജരാക്കാനായില്ല എന്ന് ആരോപിച്ച് വിസ റദ്ദാക്കുകയും കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്കു മാറ്റുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.