പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഈഗിള്‍ ബേയില്‍ കാട്ടുതീ പടരുന്നു. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. 150-ല്‍ അധികം അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
പെര്‍ത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഡണ്‍സ്ബറോയ്ക്കടുത്തുള്ള ഈഗിള്‍ ബേ, ബങ്കര്‍ ബേ മേഖലകളിലുള്ള അവധിക്കാല വസതികളില്‍ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് വേനല്‍ക്കാലത്ത് താമസിക്കാനെത്തുന്നത്. മലയാളികളും ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ട്. കാട്ടുതീ പടരുന്നതിനാല്‍ റോഡ് മാര്‍ഗം ഇവിടേക്കു പ്രവേശിക്കാനാകാത്ത പ്രതിസന്ധിയിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍. അതിനാല്‍ എല്ലാ വിനോദ സഞ്ചാരികളെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിക്കാത്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്.
കാറ്റില്‍ തീ കൂടുതല്‍ പ്രദേശത്തേക്കു പടരുന്നുണ്ട്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സുരക്ഷിത സ്ഥാനത്തേക്കു സ്വയം മാറാന്‍ സമീപവാസികള്‍ക്ക് അടിയന്തരമായി മുന്നറിയിപ്പുനല്‍കിയെങ്കിലും വൈകിപ്പോയതായി ചിലര്‍ ആരോപിച്ചു.
ഡണ്‍സ്ബറോയിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അഗ്‌നിശമനസേനാ വിഭാഗം അഭ്യര്‍ത്ഥിച്ചു.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ഡണ്‍സ്ബറോയിലെ കര്‍ട്ടിസ് ബേ ബീച്ചിനു സമീപം കാട്ടുതീ ആരംഭിച്ചത്. തീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രാത്രി മുഴുവന്‍ പരിശ്രമിച്ചു. അഗ്‌നിശമന സേനാംഗങ്ങളെ സഹായിക്കാന്‍ വ്യോമ സേനയും രംഗത്തുണ്ട്.
പ്രകൃതി രമണീയമായ ബീച്ചിന് പേരുകേട്ട ഡണ്‍സ്ബറോയ്ക്ക് സമീപമുള്ള പ്രശസ്തമായ തീരദേശ വിനോദസഞ്ചാര കേന്ദ്രമാണ് ഈഗിള്‍ ബേ. ഇവിടെ നിരവധി അവധിക്കാല വസതികളുണ്ട്. ഈഗിള്‍ ബേയിലേക്കുള്ള പ്രവേശനത്തിനായി ഡണ്‍സ്ബറോയില്‍ നിന്ന് ഒരു റോഡ് മാത്രമാണുള്ളത്. ബങ്കര്‍ ബേയില്‍ ഒരു പഞ്ചനക്ഷത്ര റിസോര്‍ട്ടും ഉണ്ട്. എത്ര പേര്‍ ഈ മേഖലയിലുണ്ടെന്നതിന്റെ കണക്ക് ലഭ്യമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26