ബിജെപിക്ക് വീണ്ടും തലവേദന; യുപി തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി-എന്‍സിപി സഖ്യം

ബിജെപിക്ക് വീണ്ടും തലവേദന; യുപി തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി-എന്‍സിപി സഖ്യം

ലഖ്നൗ: നിയമസഭാ തരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചിരിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപി കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎല്‍എമാരും രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെ ബിജെപിക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ച് എന്‍സിപി-സമാജ് വാദി പാര്‍ട്ടി സഖ്യം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു എന്‍സിപി. എന്നാല്‍ ഇത്തവണ ചെറുപാര്‍ട്ടികളെ ഒത്തിണക്കി സമാജ്വാദി പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മഴവില്‍ മുന്നണിയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം രൂപീകരിച്ച് ബിജെപിയില്‍ നിന്ന് ഭരണം തട്ടിയെടുത്ത ശരദ് പവാറെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ കൂടി അഖിലേഷിനൊപ്പം ചേരുന്നത് ഭരണ കക്ഷിയായ ബിജെപിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് പ്രധാന എതിരാളികളായി എസ്പി ഉയര്‍ന്നുവരുന്നു എന്ന അനുമാനത്തിലാണ് ശരദ് പവാറിന്റെ ഈ നീക്കം. ലഖ്നൗവില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പവാര്‍ അഖിലേഷുമായി കൈകൊടുക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.

'യുപിയില്‍ സമാജ്വാദി പാര്‍ട്ടിക്കും മറ്റു ചെറുപാര്‍ട്ടികള്‍ക്കുമൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇവിടുത്തെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം തീര്‍ച്ചയായും ഉണ്ടാവുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു'- ശരദ് പവാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിനു പിന്നാലെ ഗോവയിലും മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്‍സിപി. ഗോവയില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുമായുള്ള സഖ്യത്തിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പവാര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ സാഹചര്യങ്ങള്‍ എസ്പിക്കും അഖിലേഷിനും അനുകൂലമാണ്. ബിജെപി വ്യവസായ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജി ഇതിന്റെ തുടക്കമാണ്. മാത്രമല്ല, പതിമൂന്നോളം ബിജെപി എംഎല്‍എമാരെങ്കിലും പാര്‍ട്ടി മാറിയേക്കുമെന്നും പവാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബിജെപി കാബിനറ്റ് പദവിയുള്ള മന്ത്രിയും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎല്‍എമാരും എസ്പിയില്‍ ചേര്‍ന്നത്. ദലിത്-ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി വലിയ ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ വിഭാഗത്തില്‍ സ്വാധീനമുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് ബിജെപിക്ക് വലിയ ക്ഷീണമായിട്ടുണ്ട്.

മൗര്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇനിയും കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ നിന്നും രാജിവെക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തു മുതല്‍ മാര്‍ച്ച് ഏഴുവരെ ഏഴു ഘട്ടമായി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. മര്‍ച്ച് പത്തിനാണ് ഫലപ്രഖ്യാപനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.