കണ്ടെത്തിയത് നൂറോളം കുഴിബോംബുകള്‍: നിരവധി പേരുടെ ജീവന്‍ കാത്തുരക്ഷിച്ച മഗാവ എലി ഇനിയില്ല

കണ്ടെത്തിയത് നൂറോളം കുഴിബോംബുകള്‍: നിരവധി പേരുടെ ജീവന്‍ കാത്തുരക്ഷിച്ച മഗാവ എലി ഇനിയില്ല

ഫ്‌നാം പെന്‍: കംബോഡിയയില്‍ നൂറോളം മൈനുകള്‍ കണ്ടെത്തി നിരവധി പേരെ മരണത്തില്‍നിന്നു രക്ഷിച്ച് ധീരതയ്ക്കുള്ള സ്വര്‍ണ മെഡലും സ്വന്തമാക്കിയ മഗാവ എന്ന എലി എട്ടാം വയസില്‍ അന്ത്യശ്വാസം വലിച്ചു.

ബെല്‍ജിയന്‍ സന്നദ്ധസംഘടനയായ അപോപോയാണ് മണ്ണിനടിയില്‍ കുഴിച്ചിട്ട മൈനുകള്‍ മണത്തറിയാനും അവ നിര്‍വീര്യമാക്കുന്നതിനുമുള്ള മുന്നറിയിപ്പ് നല്‍കാനും മഗാവയെ പരിശീലിപ്പിച്ചത്. കുഴിബോംബുകള്‍ കണ്ടെത്താനായി സംഘടന പരിശീലിപ്പിച്ച എലികളില്‍ ഏറ്റവും സമര്‍ത്ഥനായിരുന്നു മഗാവ. അഞ്ച് വര്‍ഷം നീണ്ട സേവനത്തിനിടെ കംബോഡിയയില്‍ നൂറോളം കുഴിബോംബുകളും സ്‌ഫോടക വസ്തുക്കളും മഗാവ കണ്ടെത്തിയത്. പ്രായമായതിനെ തുടര്‍ന്ന് മഗാവ കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്നു. ആഫ്രിക്കന്‍ ജയന്റ് പൗച്ച് ഇനത്തില്‍പ്പെട്ട മഗാവ എലി രണ്ട് ദിവസം മുന്‍പ് മരിച്ചതായി സന്നദ്ധ സംഘടന സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച വരെ മഗാവ ഉത്സാഹത്തോടെ കളികളില്‍ ഏര്‍പ്പെടുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ ശനിയാഴ്ചയോടു കൂടി എലി ക്ഷീണിതനായെന്നും സംഘടന അറിയിച്ചു. കൂടുതല്‍ സമയവും ഉറങ്ങിയ മഗാവ ഭക്ഷണത്തോടും താത്പര്യം കാണിച്ചില്ല. മഗാവയുടെ മരണം സമാധാനപൂര്‍ണമായിരുന്നുവെന്നും സന്നദ്ധസംഘടന വ്യക്തമാക്കി.

ടാന്‍സാനിയയില്‍ ബ്രീഡ് ചെയ്ത മഗാവയെ ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് കുഴി ബോംബുകള്‍ കണ്ടെത്താനായി കംബോഡിയയില്‍ എത്തിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കംബോഡിയയില്‍ ഏകദേശം 60 ലക്ഷത്തോളം കുഴിബോംബുകളുണ്ടെന്നാണ് കരുതപ്പെടുന്നത്. മൈനുകളിലുള്ള രാസവസ്തുക്കള്‍ മണത്തു കണ്ടെത്താനായിരുന്നു മഗാവയ്ക്ക് പരിശീലനം നല്‍കിയത്. 15 ലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് കുഴിച്ചിട്ടിരുന്ന ലാന്‍ഡ് മൈനുകള്‍ മുഴുവനായി കണ്ടെത്താന്‍ മഗാവയ്ക്ക് സാധിച്ചു.

മനുഷ്യരെക്കാള്‍ എലികള്‍ക്ക് വളരെ ഭാരം കുറവാണെന്നതിനാല്‍ മൈനുകള്‍ കണ്ടെത്താന്‍ എലികളാണ് കൂടുതല്‍ സുരക്ഷിതം. മനുഷ്യര്‍ക്ക് ഭാരം കൂടുതലുള്ളതിനാല്‍ കുഴിച്ചിട്ട മൈനുകളില്‍ അറിയാതെ ചവിട്ടിയാല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ 1200 ഗ്രാം മാത്രം ഭാരമുള്ള മഗാവയ്ക്ക് മൈനുകള്‍ കുഴിച്ചിട്ട പ്രദേശത്തു കൂടി സുരക്ഷിതനായി നടക്കാനാകും. 20 മിനിട്ടിനുള്ളില്‍ ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പത്തിലുള്ള സ്ഥലം മുഴുവനായും പരിശോധിക്കാനും മൈനുകള്‍ കണ്ടെത്താനും മഗാവയ്ക്ക് കഴിഞ്ഞിരുന്നു. ഇതേസ്ഥലം മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ ഒരു മനുഷ്യനു പരിശോധിക്കാന്‍ നാലു ദിവസം വരെ വേണ്ടി വരും.

മഗാവയുടെ വിശിഷ്ടസേവനത്തിനുള്ള ആദരവായി കഴിഞ്ഞ വര്‍ഷം യു.കെ ആസ്ഥാനമായുള്ള സേവന സംഘടനയായ പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് അനിമല്‍സ് (പിഡിഎസ്എ) സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. സംഘടനയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എലിക്ക് ഈ അവാര്‍ഡ് നല്‍കുന്നത്. പ്രായമായതോടെ മഗാവയ്ക്ക് ജോലിയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ജോലിയില്‍ നിന്ന് വിരമിക്കുകയായിരുന്നു. മഗാവ ചെയ്ത മഹത്തായ സേവനത്തിന് നന്ദിയുണ്ടെന്നും മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും അപോപോ പ്രസ്താവനയില്‍ അറിയിച്ചു. മഗാവയുടെ മണം പിടിക്കാനുള്ള അപാരമായ ശേഷിയാണ് കംബോഡിയയിലെ പല ഗ്രാമങ്ങളിലും പ്രാണഭയമില്ലാതെ ജനങ്ങള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനും കളിക്കാനും ധൈര്യം നല്‍കിയതെന്നും സംഘടന വ്യക്തമാക്കി.


മഗാവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍:

അനേകരുടെ ജീവന്‍ രക്ഷിച്ച് ധീരതയ്ക്കുള്ള ഗോള്‍ഡ്‌മെഡല്‍ വരെ സ്വന്തമാക്കിയ എലി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.