രണ്ടാമത്തെ കുഞ്ഞിനെത്തേടി തള്ളപ്പുലി എത്തിയില്ല; ഉമ്മിണിയിലെ പുലിക്കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റും

രണ്ടാമത്തെ കുഞ്ഞിനെത്തേടി തള്ളപ്പുലി എത്തിയില്ല; ഉമ്മിണിയിലെ പുലിക്കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റും

പാലക്കാട്: ഉമ്മിണിയില്‍ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുഞ്ഞിനെ തേടി തള്ളപ്പുലി എത്താത്തതിനെ തുടര്‍ന്ന് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. പുലിക്കുഞ്ഞിനെ നിരന്തരം കൂട്ടില്‍ വെക്കുന്നത് ആരോഗ്യത്തെ ബാധിയ്ക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. പുലിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ നേരത്തെ അമ്മപ്പുലി കൊണ്ടു പോയിരുന്നു.

ഉമ്മിണിയിലെ വീട്ടില്‍ വച്ച പുലിക്കൂട്ടില്‍ നിന്ന് ഒരു കുഞ്ഞിനെയെടുത്ത് കൊണ്ടുപോയ തള്ളപ്പുലി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ രാത്രിയില്‍ രണ്ടാമത്തെ കുഞ്ഞിനെ കൂട്ടില്‍ വച്ച് വനം വകുപ്പ് കാത്തിരുന്നത്. രാവിലെ ആറുവരെ തള്ളപ്പുലി എത്താത്തതിനെത്തുടര്‍ന്ന് കുഞ്ഞിനെ ഡിഎഫ്ഒ ഓഫീസിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്ന് ഇന്നലെ പുലി എത്തിയില്ലെന്ന് സ്ഥിരീകരിച്ചു.

തൃശൂരില്‍ നിന്നുള്ള വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടര്‍മാരെത്തി പുലിക്കുഞ്ഞിനെ പരിശോധിച്ചു. കഴിഞ്ഞ ദിവസം ഒരു കുഞ്ഞുമായി പോയ പുലി ധോനി ഭാഗത്തുള്ള പാറക്കെട്ടുകള്‍ക്കിടയാണ് ഉള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്തി രണ്ടാമത്തെ പുലിക്കുഞ്ഞിനെ അവിടെ എത്തിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. പാറക്കെട്ടിന് സമീപം കുഞ്ഞിനെ എത്തിച്ച് തള്ളപ്പുലിക്കായി കാത്തിരിക്കുന്നതിനിടെ മറ്റു മൃഗങ്ങള്‍ കുഞ്ഞിനെ ആക്രമിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ ആ പദ്ധതി തല്‍ക്കാലം ഉപേക്ഷിക്കുകയായിരുന്നു.

രണ്ടു വര്‍ഷം കുഞ്ഞിനെ പരിപാലിച്ച ശേഷം വനത്തിലേക്കോ മൃഗശാലയിലേക്കോ മാറ്റണമെന്ന നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് പുലിക്കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.