ലണ്ടന്‍: 18 കോടി വര്‍ഷത്തോളം (180 മില്ല്യണ്‍) പഴക്കമുള്ള ഭീമന്‍ കടല്‍ ഡ്രാഗണിന്റെ അവശിഷ്ടങ്ങള്‍ യുകെയില്‍ കണ്ടെത്തി. 10 മീറ്ററോളം നീളമുള്ള ശരീരത്തിന് ഒരു ടണ്ണോളം ഭാരം വരും. വംശനാശം സംഭവിച്ച ഇക്ത്യോസോര്‍ എന്ന വലിയ ജലജീവിയുടെ ഫോസിലാണു കണ്ടെത്തിയത്. കടല്‍ ഡ്രാഗണെന്നു വിശേഷിപ്പിക്കപ്പെടുന്ന ദിനോസറുകളെപ്പോലെയുള്ള ഇക്ത്യോസോറിന്റെ ഫോസില്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ റിസര്‍വോയറായ റുത് ലാന്‍ഡ് റിസര്‍വോയറില്‍നിന്നാണ് കണ്ടെത്തിയത്. യുകെയില്‍ ഇന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതും പൂര്‍ണവുമായ അസ്ഥികൂടമാണിത്.
റുത് ലാന്‍ഡ് വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ ഗവേഷകരാണ് ഫോസില്‍ കണ്ടെത്തിയത്. 25 കോടി വര്‍ഷത്തിനും ഒമ്പത് കോടി വര്‍ഷത്തിനും ഇടയ്ക്ക് ഇവ ജീവിച്ചിരുന്നതായാണ് കണക്കാക്കുന്നത്. ഇക്ത്യോസോറുകളുടെ ഫോസില്‍ ഇംഗ്ലണ്ടില്‍ നിന്ന് നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ലഭിച്ചത് ഏറ്റവും വലിയ ഫോസിലാണ്. ബ്രിട്ടീഷ് ഫോസില്‍ പഠനചരിത്രത്തിലെ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നാണിതെന്ന് ഗവേഷകന്‍ ഡോ. ഡീന്‍ ലോമാക്സ് വ്യക്തമാക്കി.
റുത് ലാന്‍ഡ് റിസര്‍വോയറില്‍ കണ്ടെത്തിയ ഫോസില്‍
റുത് ലാന്‍ഡ് വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ ജോ ഡേവിസാണ് 2021 ഫെബ്രുവരിയില്‍ ആദ്യമായി ഫോസില്‍ അവശിഷ്ടം കണ്ടെത്തിയത്. ഒരു ലഗൂണ്‍ ദ്വീപ് വറ്റിച്ചുകൊണ്ടിരിക്കെ, ചെളിയില്‍ കളിമണ്‍ പൈപ്പുകള്‍ പോലെ കണ്ടത് ജോ ശ്രദ്ധിക്കുകയായിരുന്നു. ദിനോസര്‍ ഫോസിലാണെന്നായിരുന്നു ആദ്യം കരുതിയത്. ഇദ്ദേഹം അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിശദമായ പഠനം നടത്തി. പിന്നീട് മുഴുവന്‍ ഫോസിലും കണ്ടെത്തി ജീവിവര്‍ഗത്തെ തിരിച്ചറിഞ്ഞു.
250 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജന്‍മമെടുത്ത ഇക്ത്യോസോര്‍ ജീവിവര്‍ഗങ്ങള്‍ ഏകദേശം ഒന്‍പത് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വംശനാശത്തിന് ഇരയായത്. രൂപത്തില്‍ ഡോള്‍ഫിനുകളുമായി സാമ്യമുള്ള ഇവക്ക് 25 മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. കൂര്‍ത്ത പല്ലുകളും കണ്ണുകളുമാണ് ഇവയ്ക്ക് കടല്‍ ഡ്രാഗണ്‍ എന്ന പേരു വരാന്‍ കാരണം.
പ്രദേശത്ത് ആദ്യമായിട്ടല്ല ഇത്തരം അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 1970കളില്‍ റുത് ലാന്‍ഡ് ജലാശയത്തിന്റെ നിര്‍മാണ വേളയില്‍ വലുതും ചെറുതുമായ ഇക്ത്യോസോറുകളെ കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.