കൊച്ചി: വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പേരു നല്‍കുകയെന്നതു പൗരന്‍മാരുടെ സവിശേഷ അധികാരമാണെന്ന് ഹൈക്കോടതി. ഉചിതമായ നിയമ നടപടികളില്ലാതെ ഈ അവകാശം നിയന്ത്രിക്കുന്നത് നീതികരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബധിരരുടെ ക്രിക്കറ്റ് സംഘടന കേരള ഡഫ് ക്രിക്കറ്റ് അസോസിയേഷനെന്ന പേരില്‍ റജിസ്റ്റര്‍ ചെയ്തു നല്‍കണമെന്ന് അപേക്ഷ ലഭിച്ചാല്‍ ബന്ധപ്പെട്ട നിയമം കണക്കിലെടുക്കാതെ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
കേരള ഡഫ് ക്രിക്കറ്റ് അസോസിയേഷന്‍ എന്ന പേര് റജിസ്റ്റര്‍ ചെയ്യുന്നതു നിഷേധിച്ചതിനെതിരെ ബധിരരുടെ ക്രിക്കറ്റ് സംഘടനയുടെ ഭാരവാഹികളായ റിയാസുദ്ദീന്‍, കൃഷ്ണനുണ്ണി, ഷര്‍ഷീദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് എന്‍.നഗരേഷ് പരിഗണിച്ചത്. സൊസൈറ്റീസ് റജിസ്‌ട്രേഷന്‍ നിയമപ്രകാരം അസോസിയേഷന്‍ റജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ ജില്ലാ റജിസ്ട്രാര്‍ സ്വീകരിച്ചില്ലെന്നു ഹര്‍ജിയില്‍ വ്യക്തമാക്കി.
കേരള, ഇന്ത്യ തുടങ്ങിയ പേരുകള്‍ അസോസിയേഷനുകള്‍ റജിസ്‌ട്രേഷന് ഉപയോഗിക്കാനാവില്ലെന്നായിരുന്നു ജില്ലാ റജിസ്ട്രാറുടെ നിലപാട്.
'ഭാരതമെന്ന പേരു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന വള്ളത്തോളിന്റെ വരികള്‍ വിധിന്യായത്തില്‍ കുറിച്ചിട്ട സിംഗിള്‍ ബെഞ്ച് കേരളത്തിലെ ബധിരരായ വ്യക്തികള്‍ ഈ വരികള്‍ കേട്ടിട്ടുണ്ടാവില്ലെങ്കിലും വായിച്ചിട്ടുണ്ടാവുമെന്നും അഭിപ്രായപ്പെട്ടു.
വ്യാപാരം, ബിസിനസ്, പ്രഫഷന്‍ തുടങ്ങിയവയ്ക്കായി ഇങ്ങനെ പേരു നല്‍കുന്നതിനാണ് വിലക്കുള്ളതെന്നും ഇതില്‍പെടാത്തതിനാല്‍ പേരു നല്‍കുന്നതിന് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.