സിഡ്‌നി: ഓസ്‌ട്രേലിയയിലെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള സംഘത്തിന്റെ പക്കല്‍നിന്ന് എണ്‍പതു ലക്ഷത്തിലധികം ഡോളര്‍ (ഏകദേശം 43 കോടിയോളം ഇന്ത്യന്‍ രൂപ) കള്ളപ്പണം പിടിച്ചെടുത്തു. സിഡ്‌നിയിലെ ഒരു വീട്ടില്‍ ന്യൂ സൗത്ത് വെയില്‍സ് പോലീസ് നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. സംഭവത്തില്‍ ലഹരിമരുന്ന് കടത്തുമായി ബന്ധമുള്ള രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും അറസ്റ്റിലായി.
ഇന്നലെ സിഡ്നിയിലെ റോഡ്സിലെ ഒരു വീട്ടില്‍ നിന്നാണ് 7.8 മില്യണ്‍ ഡോളര്‍ പോലീസ് പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് സംഘം അറസ്റ്റിലായത്.
വീട്ടില്‍നിന്നാണ് 3.1 മില്യണ്‍ ഡോളര്‍ പിടിച്ചെടുത്തത്. താഴെ ഗാരേജില്‍ ഒരു കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 4.78 മില്യണ്‍ ഡോളറും കണ്ടെത്തി. ഇതുവരെ പിടികൂടിയ കള്ളപ്പണത്തില്‍ ഏറ്റവും വലിയ തുകയാണിതെന്നു സ്റ്റേറ്റ് ക്രൈം കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് സ്മിത്ത് പറഞ്ഞു.
കാംപ്സിയിലെയും ബര്‍വുഡിലെയും വീടുകളില്‍ നടത്തിയ റെയ്ഡിലും പണം പിടിച്ചെടുത്തു. ആകെ എണ്‍പതു ലക്ഷത്തിലധികം ഡോളറാണു പിടിച്ചെടുത്തതെന്നു പോലീസ് അറിയിച്ചു. ചെറിയ അളവില്‍ മയക്കുമരുന്നും ഇവിടെനിന്നു കണ്ടെത്തി.
ബര്‍വുഡില്‍ ചെന്നപ്പോള്‍ 27 വയസുകാരിയായ പ്രതി മയക്കുമരുന്ന് ടോയ്ലറ്റില്‍ ഒഴുക്കി കളയാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായ നാലു പേരും മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയുടെ ഭാഗമാണെന്ന് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് സ്മിത്ത് പറഞ്ഞു.
സംഘത്തിന്റെ തലവനായ, ക്യാപ്സിയില്‍ നിന്നുള്ള 32 വയസുകാരനായ ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ വൈകാതെ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
കുറ്റാരോപിതരായവരില്‍ രണ്ടുപേര്‍ ഹോങ്കോംഗ് സിന്‍ഡിക്കേറ്റുകളുമായി ബന്ധമുള്ളവരാണെന്നും മറ്റൊരാള്‍ സിഡ്നിയിലെ ഏഷ്യന്‍ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.