ഇന്‍സ്റ്റാഗ്രാമില്‍ 300 ദശലക്ഷം ഫോളോവേഴ്സുള്ള ആദ്യ വനിത കെയ്‌ലി ജെന്നര്‍; മുന്നിലുള്ളത് റൊണാള്‍ഡോ മാത്രം

 ഇന്‍സ്റ്റാഗ്രാമില്‍ 300 ദശലക്ഷം ഫോളോവേഴ്സുള്ള ആദ്യ വനിത കെയ്‌ലി ജെന്നര്‍; മുന്നിലുള്ളത് റൊണാള്‍ഡോ മാത്രം

വാഷിംഗ്ടണ്‍: ഗായികയും ടിവി താരവും സംരംഭകയുമായ കെയ്‌ലി ജെന്നര്‍ ഇന്‍സ്റ്റാഗ്രാമില്‍ 300 ദശലക്ഷം ഫോളോവേഴ്സിനെ നേടുന്ന ആദ്യ വനിതയായി. മുമ്പ് ഈ പ്ലാറ്റ്‌ഫോമിലെ ഏറ്റവും ജനപ്രിയ വനിതയായിരുന്ന അരിയാന ഗ്രാന്‍ഡെ ഇപ്പോള്‍ സെലീന ഗോമസിനൊപ്പം രണ്ടാം സ്ഥാനത്താണ്. യു എസിലെ ഗായികമാരായ ഇവര്‍ക്ക് 289 ദശലക്ഷം വീതമാണ് ഫോളോവര്‍മാരുള്ളത്.

അതേസമയം, ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പിന്തുടരപ്പെടുന്ന വ്യക്തിയായി തുടരുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ. 388 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് റൊണാള്‍ഡോയ്ക്ക്.

മറ്റൊരു ഫുട്ബോള്‍ ഇതിഹാസമായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയേക്കാള്‍ വളരെ മുന്നിലാണ് കെയ്‌ലി. 300 ദശലക്ഷം ഫോളോവേഴ്‌സുമായി ഏറ്റവും കൂടുതല്‍ പിന്തുടരുന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹം. 289 ദശലക്ഷം ഫോളോവേഴ്‌സുള്ള ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്‍സണും ജെന്നറിന് താഴെയാണ്.

അരിയാന ഗ്രാന്‍ഡെ, സെലീന ഗോമസ്, ബിയോണ്‍സ് തുടങ്ങിയ പ്രഗത്ഭ ഗായികമാരെയും സംഗീത ലോകത്ത് ഏറ്റവും കൂടുതല്‍ പിന്തുടരുന്ന പുരുഷ സെലിബ്രിറ്റിയായ ജസ്റ്റിന്‍ ബീബറെയും കെയ്‌ലി ജെന്നര്‍ പിന്നിലാക്കി. ജസ്റ്റിന്‍ ബീബറിന് ഇന്‍സ്റ്റാഗ്രാമില്‍ 214 ദശലക്ഷം ഫോളോവേഴ്‌സ് ആണുള്ളത്.

കീപ്പിംഗ് അപ്പ് വിത്ത് കര്‍ദാഷ്യന്‍സ് ഷോയിലൂടെ മഹാ പ്രശസ്തി നേടിയ അര്‍ദ്ധസഹോദരി കിം കര്‍ദാഷിയാനേക്കാള്‍ മുന്നിലാണ് കെയ്‌ലി. കര്‍ദാഷിയാന് 278 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. 2007ല്‍ കീപ്പിംഗ് അപ്പ് വിത്ത് ദി കര്‍ദാഷിയാന്‍സ് എന്ന ഗാനത്തിലൂടെയാണ് കെയ്‌ലി ജെന്നര്‍ ശ്രദ്ധേയയായത്. പിന്നീട് സ്വന്തമായി കോസ്‌മെറ്റിക് ബ്രാന്‍ഡും മറ്റും പുറത്തിറക്കി.

നേരത്തേ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ലൈക് ലഭിച്ച ചിത്രത്തിന്റെ ഉടമ എന്ന നേട്ടവും കെയ്‌ലി സ്വന്തമാക്കിയിരുന്നു. 2018ല്‍ മകള്‍ സ്റ്റോമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോള്‍ 18.3 മില്യണ്‍ ലൈക്കാണ് കെയ്‌ലിക്ക് ലഭിച്ചത്. 2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയ സെലിബ്രിറ്റി എന്ന നേട്ടവും കെയ്‌ലി നേടി. ഫോര്‍ബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം 2020ല്‍ 590 മില്യണ്‍ ഡോളറായിരുന്നു കെയ്‌ലിയുടെ സമ്പാദ്യം.

അടുത്തിടെയായി ഇമേജ് പങ്കിടല്‍ പ്ലാറ്റ്ഫോമില്‍ ജെന്നര്‍ താരതമ്യേന നിശബ്ദയായിരുന്നു.ഭര്‍ത്താവായ ഗായകന്‍ ട്രാവിസ് സ്‌കോട്ട് നവംബര്‍ 5 ന് ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിലെ തിക്കിലും തിരക്കിലും എട്ടു പേര്‍ മരിച്ചതും 300 ലേറെ പേര്‍ക്ക് പരിക്കേറ്റതും വലിയ ചര്‍ച്ചയായി മാറിയിരുന്നു. 50000 ലേറെ ആളുകളാണ് തടിച്ചുകൂടിയിരുന്നത്. പരിപാടി തുടങ്ങിയപ്പോള്‍ ജനക്കൂട്ടം സ്റ്റേജിനടുത്തേക്ക് ഇരച്ചുകയറി. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്.


സംഭവസ്ഥലത്തു നിന്ന് വീഡിയോ പങ്കുവച്ച കെയ്‌ലി ജെന്നറിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഒട്ടേറെ ആംബുലന്‍സുകളില്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വളരെ ദാരുണമായ ദൃശ്യങ്ങളാണ് കെയ്‌ലി പങ്കുവച്ചത്.സോഷ്യല്‍ മീഡിയയിലൂടെ മരണം വിറ്റ് കെയ്‌ലി കൂടുതല്‍ ജനശ്രദ്ധ നേടാനുള്ള ശ്രമം നടത്തുകയാണെന്നായിരുന്നു വിമര്‍ശനം. ഇത് വിവാദമായതോടെ ദൃശ്യങ്ങള്‍ നീക്കം ചെയ്തു. താനും ട്രാവിസ് സ്‌കോട്ടും അപകടത്തിന് ഇരയായവരുടെ ഉറ്റവരുടെ വേദനയ്‌ക്കൊപ്പമാണെന്ന് കെയ്‌ലി വ്യക്തമാക്കി.

രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിട്ടുള്ള ജെന്നര്‍, ക്രിസ്മസ് രാവിലാണ് അമ്മ ക്രിസ് ജെന്നറിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ട് സോഷ്യല്‍ മീഡിയയിലെ നിശബ്ദത ലംഘിച്ചത്. 2021-ല്‍ താന്‍ അനുഭവിച്ച 'അനുഗ്രഹങ്ങള്‍', 'ഹൃദയവേദനകള്‍' എന്നിവയെക്കുറിച്ച് അടുത്ത ആഴ്ച അവര്‍ പോസ്റ്റ് ഇട്ടു. ചുരുങ്ങിയ പ്രായത്തിനുള്ളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് കെയ്‌ലി ജെന്നര്‍. സ്വന്തം നിലയില്‍ ശത കോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടം ഇരുപത്തിയൊന്നാം വയസ്സില്‍ കെയ്‌ലി സ്വന്തമാക്കി. ഇപ്പോള്‍ ഇരുപത്തിനാലാം വയസ്സിലാണ് ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ വനിതയെന്ന നേട്ടം.

കെവിന്‍ സിസ്ട്രോമും മൈക്ക് ക്രീഗറും ചേര്‍ന്ന് 2010-ല്‍ സൃഷ്ടിച്ച ഇന്‍സ്റ്റാഗ്രാം 2012-ല്‍ ഫേസ്ബുക്ക് ഒരു ബില്യണ്‍ ഡോളറിന് (0.7 ബില്യണ്‍ പൗണ്ട്) വാങ്ങി. ഇപ്പോള്‍ 1.3 ബില്യണ്‍ ഉപയോക്താക്കളുണ്ട്. ലോകമെമ്പാടുമുള്ള സ്രഷ്ടാക്കളില്‍ നിന്നുള്ള പ്രിയപ്പെട്ട ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശിപ്പിക്കുന്ന ആപ്പ് പ്രതിദിനം 500 ദശലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.