പിതാവിനെ മുതുകിലേറ്റി ആമസോണ്‍ വനത്തിലെ വാക്‌സിന്‍ ക്യാമ്പിലേക്ക് ആദിവാസി യുവാവ് നടന്നത് ആറു മണിക്കൂര്‍

പിതാവിനെ മുതുകിലേറ്റി ആമസോണ്‍ വനത്തിലെ  വാക്‌സിന്‍ ക്യാമ്പിലേക്ക് ആദിവാസി യുവാവ് നടന്നത് ആറു മണിക്കൂര്‍

ബ്രസീലിയ: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ കൊണ്ടുവന്ന രോഗിയായ പിതാവിനെ മുതുകില്‍ ഏന്തി ബ്രസീലിയന്‍ ആമസോണിലെ കാടുകള്‍ താണ്ടുന്ന ആദിവാസിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലോകത്തിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നിലെ സങ്കീര്‍ണ്ണമായ വാക്‌സിനേഷന്‍ പ്രക്രിയയൂടെയും അതിനോടുള്ള വംശീയ ജനതയുടെ പ്രതീകരണത്തിന്റെയും പ്രതീകമായി മാറി 67 കാരനായ വാഹുവിനെ 24 കാരനായ താവി ചുമക്കുന്ന ചിത്രം. വനത്തിലൂടെ മണിക്കൂറുകളോളം നടന്ന്് താവി പിതാവുമായി കുത്തിവയ്പ്പ് സ്ഥലത്ത് എത്തി മടങ്ങുന്ന ചിത്രം ഒരു ഡോക്ടര്‍ ആണെടുത്തത്.

ഏകദേശം 325 അംഗങ്ങളുള്ള സോ തദ്ദേശീയ സമൂഹത്തില്‍ പെട്ടവരാണ് താവിയും വാഹുവും. വടക്കന്‍ പാര സംസ്ഥാനത്തെ ഡസന്‍ കണക്കിന് ഗ്രാമങ്ങളില്‍ താരതമ്യേന ഒറ്റപ്പെടലിലാണ് 1.2 ദശലക്ഷം വരുന്ന ഈ വിഭാഗം താമസിക്കുന്നത്. വാഹുവിന് ഒന്നും കാണാന്‍ കഴിയുന്നില്ലെന്നും വിട്ടുമാറാത്ത മൂത്രാശയ പ്രശ്നങ്ങള്‍ കാരണം ഏറെ ബുദ്ധിമുട്ടിയാണ് എത്തിയതെന്നും ചിത്രമെടുത്ത ഡോക്ടര്‍ എറിക് ജെന്നിംഗ്‌സ് സിമോസിനോട് താവി പറഞ്ഞു. ഏകദേശം ആറ് മണിക്കൂര്‍ താവി തന്റെ പിതാവിനെ മുതുകില്‍ കയറ്റിയതായി ഡോക്ടര്‍ കണക്കാക്കുന്നു.

'അവര്‍ തമ്മിലുള്ള അതിഗാഢ ബന്ധത്തിന്റെ വളരെ മനോഹരമായ പ്രകടനമായിരുന്നു അത്,' ഡോ. സിമോസ് ബിബിസി ന്യൂസ് ബ്രസീലിനോട് പറഞ്ഞു. 2021 ജനുവരിയില്‍, കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രസീലില്‍ കോവിഡ് -19 വാക്‌സിനേഷന്‍ കാമ്പെയ്നിന്റെ തുടക്കത്തില്‍ എടുത്തതാണ് ചിത്രം. എന്നാല്‍ 'പുതുവര്‍ഷത്തില്‍ ഒരു പോസിറ്റീവ് സന്ദേശം' അയയ്ക്കുന്നതിനായി ഡോ. സിമോസ് ഇത് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുകയായിരുന്നു. ന്യൂ ഇയറിന് ഒരു സന്തോഷവാര്‍ത്ത എന്ന തലക്കെട്ടോടെയുള്ള ഈ ചിത്രം വളരെ വേഗമാണ് വൈറലായത്.



ബ്രസീലില്‍ 853 ആദിവാസികള്‍ കോവിഡ് -19 ബാധിച്ച് മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. എന്നാല്‍ തദ്ദേശീയ അവകാശ സംഘടനകള്‍ പറയുന്നത് ഇത് യഥാര്‍ത്ഥമല്ലെന്നാണ്. 2020 മാര്‍ച്ചിനും 2021 മാര്‍ച്ചിനും ഇടയില്‍ മാത്രം 1,000 സ്വദേശികള്‍ മരിച്ചതായി ബ്രസീലിയന്‍ എന്‍ജിഒയായ അപിബ് നടത്തിയ സര്‍വേയില്‍ വ്യക്തമായി.

ബ്രസീലില്‍ വാക്സിനേഷന്‍ ആരംഭിച്ചപ്പോള്‍ ആമസോണിലെ തദ്ദേശീയ വിഭാഗം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആരോഗ്യവിഭാഗം സോ വിഭാഗത്തെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.എന്നാല്‍ ഉള്‍വനത്തില്‍ ഒറ്റപ്പെട്ട ഗ്രാമത്തിലെത്തി ഇവര്‍ക്ക് വാക്സിന്‍ നല്‍കുക ഏറെ പ്രയാസകരമായിരുന്നു. വാക്സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമായിരുന്നു. അതിനാല്‍ കാട്ടിനകത്ത് ചെറിയ കുടിലുകളുണ്ടാക്കി റേഡിയോ വഴി വിവരങ്ങള്‍ കൈമാറി.

റേഡിയോ വഴി വാക്സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. ദൂരദിക്കില്‍ നിന്നും പ്രയാസപ്പെട്ട് ഗ്രാമീണര്‍ വാക്സിന്‍ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഈ കഥയ്ക്ക് ഒരു ട്വിസ്റ്റ് ഉണ്ടായി. അച്ഛനെയും താണ്ടി മകന്‍ വാക്സിന്‍ കേന്ദ്രത്തിലെത്തിയെങ്കിലും കഴിഞ്ഞ സെപ്തംബറില്‍ വാഹു മൂത്രാശയ രോഗം മൂര്‍ച്ഛിച്ച് മരിച്ചു.മൂന്നാം ഡോസിന്റെ സംരക്ഷണയില്‍ താവി കുടുംബത്തോടൊപ്പം കഴിയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.