അയര്‍ലന്‍ഡില്‍ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ കപ്പൂച്ചിന്‍ സന്യാസിക്ക് കുത്തേറ്റു

അയര്‍ലന്‍ഡില്‍ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ കപ്പൂച്ചിന്‍ സന്യാസിക്ക് കുത്തേറ്റു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ഭവനരഹിതരുടെ അഭയകേന്ദ്രത്തില്‍ സന്നദ്ധ സേവനം ചെയ്യുന്ന കപ്പൂച്ചിന്‍ സന്യാസിക്ക് നേരെ കത്തി കൊണ്ട് ആക്രമണം. ബ്രസീലിയന്‍ കപ്പൂച്ചിന്‍ സന്യാസി അഡെമിര്‍ മാര്‍ക്വസിനാണ് തലയ്ക്കു കുത്തേറ്റത്. ഭവനരഹിതരായവരെ താമസിപ്പിക്കുന്ന കപ്പൂച്ചിന്‍ ഡേ സെന്ററില്‍ രാവിലെ 10.30-ന് ആളുകള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നതിനിടയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു വൈദികനു നേരെ ആക്രമണം നടന്നത്.

38 കാരനായ അക്രമി അഭയകേന്ദ്രത്തില്‍ സ്ഥിരമായി എത്തുന്നയാളായിരുന്നു. ആക്രമിയെ സെക്യൂരിറ്റി തടഞ്ഞുവയ്ക്കുകയും പിന്നീട് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വൈദികനെ അടിയന്തര ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്കു മാറ്റി.

വൈദികന് നിസാരമായ പരിക്കുകള്‍ മാത്രമേ ഉള്ളുവെന്നും വൈകാതെ തന്നെ അദ്ദേഹം ശുശ്രൂഷയിലേയ്ക്ക് മടങ്ങിയെത്തുമെന്നും കപ്പൂച്ചിന്‍ അധികാരികള്‍ ഐറിഷ് പത്രത്തിന് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വടക്കുകിഴക്കന്‍ ബ്രസീലിലെ പെന്‍ഹയിലെ ഔവര്‍ ലേഡിയുടെ പ്രവിശ്യയില്‍പെട്ടയാളാണ് അഡെമിര്‍ മാര്‍ക്വസ്. 2005 മെയ് 30-ന് പുരോഹിതനായി അഭിഷിക്തനായ ഇദ്ദേഹം 2023 ഏപ്രിലിലാണ് അയര്‍ലന്‍ഡിലെ കപ്പൂച്ചിന്‍ പ്രവിശ്യയിലുള്ള ഡബ്ലിന്‍ മിഷനിലേക്ക് അയ്ക്കപ്പെട്ടത്.

1969ല്‍ സ്ഥാപിതമായ ഈ കേന്ദ്രം ഡബ്ലിനിലെ 700-ലധികം ഭവനരഹിതര്‍ക്കും ദരിദ്രര്‍ക്കും ഓരോ ദിവസവും ഭക്ഷണവും ഓരോ ബുധനാഴ്ചയും 1,500-ലധികം ഭക്ഷണപ്പൊതികളും നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.