ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് മരണ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന; ഇന്നലെ മരണം 29

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് മരണ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന; ഇന്നലെ മരണം 29

പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 63,018 പേര്‍ക്ക്

സിഡ്‌നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത് 29 പേര്‍. സംസ്ഥാനത്ത് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണിത്. പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും ആശങ്കജനകമാംവിധമാണ് വര്‍ധിക്കുന്നത്. 63,018 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. 15 പുരുഷന്മാരും 14 സ്ത്രീകളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അടുത്തയാഴ്ച സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന ആശങ്കയും ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. നിലവില്‍ കോവിഡ് ബാധിതരായി ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 2,525 ആണ്. അതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അടുത്തയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 4,700 ആയും ഐ.സി.യു കേസുകള്‍ 273 ആയി വര്‍ധിക്കുമെന്നാണ് പ്രവചനം.

കഴിഞ്ഞ മാസം ഒമിക്രോണ്‍ വ്യാപനം തുടങ്ങിയപ്പോള്‍ പ്രവചിച്ചതിനേക്കാള്‍ താഴെയാണ് ഈ കോവിഡ് കണക്കുകളെന്ന് പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രി, ഐ.സി.യു കോവിഡ് കേസുകള്‍ കഴിഞ്ഞയാഴ്ച വിചാരിച്ചതിനേക്കാള്‍ ഭേദപ്പെട്ട നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഐസിയുവിലുള്ള പകുതിയോളം രോഗികളും വാക്‌സിന്‍ എടുക്കാത്തവരാണ്. സംസ്ഥാനത്തിന്റെ 16 വയസും അതിനു മുകളിലുമുള്ളവരുടെ വാക്‌സിനേഷന്‍ നിരക്ക് 93.8 ശതമാനമാണ്.

പുതിയ കോവിഡ് കണക്കുകളില്‍, 37,938 എണ്ണം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ (ആര്‍എടി) നിന്നും 25,080 പിസിആര്‍ ടെസ്റ്റുകളില്‍ നിന്നുമാണ് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26