അനുദിന വിശുദ്ധര്‍ - ജനുവരി 15
ആദ്യത്തെ ക്രൈസ്തവ സന്യാസിയാണ് വിശുദ്ധ പൗലോസ് എന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. ഈജിപ്തിലാണ് പൗലോസിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. എങ്കിലും വിദ്യാഭ്യാസത്തിന് കുറവൊന്നും വന്നില്ല.
സോസിയൂസ് ചക്രവര്‍ത്തിയുടെ മത പീഡനത്തെ ഭയന്ന് പൗലോസ് മരുഭൂമിയിലേക്ക് ഒളിച്ചു പോയി ഒരു ഗുഹയില്‍ താമസമാക്കി. ഇലകള്‍ക്കൊണ്ട് വസ്ത്രമുണ്ടാക്കി. മരുഭൂമിയില്‍ ലഭിക്കുന്ന പഴങ്ങളായിരുന്നു ഭക്ഷണം. ക്രിസ്തുവിനെ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ച് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്റെ വിശ്വാസ തീക്ഷ്ണത എല്ലാ ക്രൈസ്തവര്‍ക്കും മാതൃകയാണ്.
തിരുസഭയില്‍ ആശ്രമ ജീവിതത്തിനും സന്യാസ സഭകളുടെ രൂപീകരണത്തിനും കാരണമായത് വിശുദ്ധ പൗലോസ് ശ്ലീഹായെ പോലുള്ള മഹത്തായ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. വിശുദ്ധനെ കുറിച്ച് ആത്മീയോന്നതി നല്‍കുന്ന ഒരു ഐതിഹ്യം സഭാ രേഖകളില്‍ കാണാവുന്നതാണ്.
വാര്‍ധക്യ കാലഘട്ടത്തില്‍ വിശുദ്ധ ആന്റണി ദൈവീക പ്രേരണയാല്‍ വിശുദ്ധ പൗലോസിനെ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. ഇവര്‍ മുന്‍പൊരിക്കലും കണ്ടിരുന്നില്ല. പക്ഷെ കണ്ടുമുട്ടിയപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പരിചിതരെപ്പോലെ സുദീര്‍ഘമായി സംസാരിക്കുവാന്‍ ഇടയായി. വിശുദ്ധ പൗലോസിന് പതിവായി പകുതിയോളം അപ്പം ഭക്ഷണമായി കൊണ്ടു വന്നിരുന്ന വലിയ കാക്ക അന്ന് പതിവിനു വിപരീതമായി മുഴുവന്‍ അപ്പവും കൊണ്ട് വന്നു.
കാക്ക പറന്നുപോയതിനു ശേഷം പൗലോസ് ആന്റണിയോട് ഇപ്രകാരം പറഞ്ഞു: 'നമുക്ക് ഭക്ഷണം കൊടുത്തയച്ചിരിക്കുന്ന ദൈവം എത്രമാത്രം നന്മയും കരുണയുള്ളവനുമാണെന്ന് നോക്കൂ. കഴിഞ്ഞ 60 വര്‍ഷമായി എല്ലാ ദിവസവും എനിക്ക് പകുതി അപ്പം മാത്രമാണ് കിട്ടികൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് അങ്ങയുടെ വരവോടെ യേശു തന്റെ ദാസന്‍മാരുടെ ഭക്ഷണം ഇരട്ടിപ്പിച്ചിരിക്കുന്നു.'
രാത്രി മുഴുവനും അവര്‍ ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി. നേരം വെളുത്തപ്പോള്‍ പൗലോസ് ആന്റണിയോട് തന്റെ ആസന്നമായ മരണത്തെ കുറിച്ച് അറിയിക്കുകയും വിശുദ്ധ അത്തനാസിയൂസില്‍ നിന്നും തനിക്ക് ലഭിച്ച മേലങ്കി അണിയുവാനായി എടുത്ത് കൊടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്രകാരം ചെയ്ത വിശുദ്ധ ആന്റണി തിരികെ പോകാനിറങ്ങിയപ്പോള്‍ വിശുദ്ധ പൗലോസ് ശ്ലീഹാ അപ്പോസ്തലന്മാരാലും മാലാഖ വൃന്ദത്താലും ചുറ്റപ്പെട്ട് സ്വര്‍ഗത്തിലേക്കെടുക്കപ്പെടുന്നതായി കണ്ടു.
എ.ഡി 376 ല്‍ വിശുദ്ധ ജെറോം എഴുതിയ 'സന്യാസിയായ പൗലോസിന്റെ ജീവിതം' (The life of Paul the Hermit) എന്ന ഗ്രന്ഥത്തില്‍ വിശുദ്ധനെ കുറിച്ചുള്ള മറ്റ് നിരവധി അനുഭവകഥകളുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സര്‍ഡീനിയായിലെ എഫിസിയൂസ്
2. ക്ലെര്‍മോണ്ടിലെ ബിഷപ്പായ ബോണിന്തൂസ്
3. ഫ്‌ളാന്റേഴ്‌സില്‍ കസ്രേയിലെ ബിഷപ്പായ എമെബെര്‍ട്ട്
4. ഇംഗ്ലണ്ടില്‍ വച്ച് ഡെയിന്‍സ് വധിച്ച ബ്ലെയിത്ത് മായിക്ക്
5. നോര്‍ത്തംബ്രിയായിലെ രാജാവായിരുന്ന ചെയോവുള്‍ഫ്
6. സിറിയായില്‍ സന്യാസിയായ ഗ്രീക്കുകാരന്‍ അലക്‌സാണ്ടര്‍ അക്കിമെത്തെസ്.
'അനുദിന വിശുദ്ധര്‍'എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26