സീറോമലബാര്‍ മിഷന്‍ ക്വിസ് 2022; വിജയികളെ പ്രഖ്യാപിച്ചു

സീറോമലബാര്‍ മിഷന്‍ ക്വിസ് 2022; വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: സീറോമലബാര്‍ സഭയുടെ പ്രേഷിതവാരത്തോട് അനുബന്ധിച്ച് സീറോമലബാര്‍ മിഷന്‍ ഓഫീസും വിശ്വാസ പരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷന്‍ ക്വസ്റ്റ് എന്ന ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാമിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ കോതമംഗലം രൂപതയിലെ അഗാസാ ബെന്നി ഒന്നാം സ്ഥാനവും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഗ്രേസ് ജോണി രണ്ടാം സ്ഥാനവും തക്കല രൂപതയിലെ അന്നാ രാജ് മൂന്നാം സ്ഥാനവും നേടി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ തക്കല രൂപതയിലെ ഗീത ആര്‍ ഒന്നാം സ്ഥാനവും ഗോരഖ്പൂര്‍ രൂപതയുടെ ടോണി ജോസ് രണ്ടാം സ്ഥാനവും ഹൊസൂര്‍ രൂപതയിലെ ഒ.എഫ് നീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സീറോമലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. വിജയികള്‍ക്കുള്ള സമ്മാന തുകയും പ്രശസ്തി പത്രവും അതാതു രൂപതകളിലെ മെത്രാന്മാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നും ഏറ്റുവാങ്ങി. മുപ്പത്തിയഞ്ച് രൂപതകളിലായി ആഗോളതലത്തിലുള്ള സീറോമലബാര്‍ വിശാസികളെ ഒരേ വേദിയില്‍ കൊണ്ടു വരാന്‍ മിഷന്‍ ക്വിസിന്റെ സംഘാടകരായ സീറോമലബാര്‍ മിഷന്‍ ഓഫീസിനും വിശ്വാസ പരിശീലന കമ്മീഷനും സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

ജനുവരി ഒന്‍പതിന് ഞായറാഴ്ച ഓണ്‍ലൈനായി നടത്തിയ ക്വിസ് മത്സരം അഞ്ച് ഭാഷകളില്‍ അഞ്ച് വ്യത്യസ്ത ടൈം സോണുകളിലായാണ് ക്രമീകരിച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം, 2023ല്‍ റോമില്‍ നടക്കാനിരിക്കുന്ന സിനഡിന്റെ ഒരുക്ക രേഖ, സീറോമലബാര്‍ സഭയെക്കുറിച്ചുള്ള പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മിഷന്‍ ക്വിസ് 2022 തയ്യാറാക്കിയത്.

ആഗോളതലത്തിലും രൂപതാ തലത്തിലുമുള്ള മത്സരവിജയികളെ അതാത് രൂപതാ വിശ്വാസപരിശീലന കേന്ദ്രങ്ങളില്‍ നിന്നും അറിയിക്കുന്നതാണ്. സീറോമലബാര്‍ മിഷന്‍ ഓഫീസ് സെക്രട്ടറി ഫാദര്‍ സിജു ജോര്‍ജ് അഴകത്ത് എംഎസ്.ടി, വിശ്വാസപരിശീലന കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ തോമസ് മേല്‍വെട്ടത്ത്, സിസ്റ്റര്‍ നമ്രത, സിസ്റ്റര്‍ ജിസ് ലെറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.