കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഹരിവരാസന പുരസ്‌കാരം നല്‍കി ആലപ്പി രംഗനാഥിനെ ആദരിച്ചത്. മികച്ച സംഗീത സംവിധായകനുള്ള സംഗീതനാടക അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട്. ക്ലാസിക്കല്‍ ഡാന്‍സറും അധ്യാപികയുമായ ബി. രാജശ്രീ ആണ് ഭാര്യ.
സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധാനവും രചനയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങി. 1949 മാര്‍ച്ച് ഒന്‍പതിന് ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗതവതരുടെയും ഗാനഭൂഷണം എം.ജി ദേവമ്മാളുടെയും മകനായാണ് ജനനം.
നാടകത്തിനു സംഗീതം ഒരുക്കിയ ആദ്യകാലത്തിനു ശേഷം സിനിമയിലേക്ക് ആകര്‍ഷിച്ച് മദ്രാസിനു വണ്ടി കയറി. 'നാളികേരത്തിന്റെ നാട്ടിലെനിയ്‌ക്കൊരു' എന്ന പ്രശസ്ത ഗാനത്തിന്റെ ഉപകരണ വാദകനായി സിനിമ രംഗത്തു പ്രവേശിച്ചു.
തന്റെ ആദ്യ സിനിമയായ ജീസസിലെ 'ഓശാനാ ഓശാന കര്‍ത്താവിനോശാനാ' എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ 'സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാന്‍' എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയവയില്‍ പ്രധാനം.
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകള്‍ക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റന്‍, ഗുരുദേവന്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. പൂച്ചയ്‌ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കി. അമ്പാടിതന്നിലൊരുണ്ണി, ധനുര്‍വേദം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ത്യാഗരാജ സ്വാമികളെപ്പറ്റി ദൂരദര്‍ശനില്‍ 17 എപ്പിസോഡുള്ള പരമ്പരയും അറിയാതെ എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. എംജി യൂണിവേഴ്‌സിറ്റി സയന്‍സ് ഓഫ് മെലഡി ആന്റ് ഹാര്‍മണി വിഭാഗത്തില്‍ അതിഥി അധ്യാപകനായിരുന്നു അദ്ദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.