തോക്കു മാറ്റിവച്ച് സ്ത്രീകള്‍ക്കു നേരെ കുരുമുളകു സ്‌പ്രേയുമായി താലിബാന്‍;സമരക്കാര്‍ ആശുപത്രിയില്‍

 തോക്കു മാറ്റിവച്ച് സ്ത്രീകള്‍ക്കു നേരെ കുരുമുളകു സ്‌പ്രേയുമായി താലിബാന്‍;സമരക്കാര്‍ ആശുപത്രിയില്‍

കാബൂള്‍ : തൊഴില്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി സമര രംഗത്തിറങ്ങിയ സ്ത്രീകളെ താലിബാന്‍ 'കുരുമുളക് സ്പ്രേ ' കൊണ്ട് നേരിട്ടു. കണ്ണിലും മൂക്കിലും കുരുമുളകു പൊടിയും സത്തും കയറിയതിനാല്‍ ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി ചെയ്യാനും, പഠിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് നേരെയാണ് തോക്കു മാറ്റി വച്ച് താലിബാന്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.

താലിബാന്‍ അധികാരത്തില്‍ വന്നശേഷം സ്ത്രീകള്‍ക്ക് പഠിക്കുന്നതിനും, ജോലി ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ 'സമത്വവും നീതിയും' എന്ന മുദ്രാവാക്യവുമായി 'സ്ത്രീകളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍' എന്ന് എഴുതിയ ബാനറുകള്‍ വഹിച്ച് കാബൂള്‍ സര്‍വ്വകലാശാലയ്ക്ക് മുന്‍പില്‍ ഏതാനും ദിവസങ്ങളായി 20 അംഗ സംഘം പ്രതിഷേധിച്ചുവരികയായിരുന്നു. നിരവധി തവണ താലിബാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് താലിബാന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.

നിരവധി വാഹനങ്ങളിലായി സ്ഥലത്തെത്തിയ താലിബാന്‍ പോരാളികളാണ് തങ്ങളെ നിഷ്ഠുരമായി പിരിച്ചുവിട്ടതെന്ന് പ്രതിഷേധക്കാരില്‍ മൂന്ന് പേര്‍ എഎഫ്പിയോട് പറഞ്ഞു. താലിബാന്‍ സംഘം പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാധ്യമല്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഇതോടെ കയ്യില്‍ കരുതിയിരുന്ന സ്പ്രേ സ്ത്രീകള്‍ക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. കണ്ണും മുഖവും എരിഞ്ഞതോടെ സ്ത്രീകള്‍ ചിതറിയോടി. ചിലര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് നിലത്ത് വീണു.

സുരക്ഷാ പ്രശ്നമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ അക്രമം അഴിച്ചുവിട്ടതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. 'എന്റെ വലതു കണ്ണ് കത്താന്‍ തുടങ്ങി. നിങ്ങള്‍ നാണം കെട്ടവരാണെന്ന് ഞാന്‍ അവരില്‍ ഒരാളോട് പറഞ്ഞപ്പോള്‍ അയാള്‍ എനിക്ക് നേരെ തോക്ക് ചൂണ്ടി.'ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആരുടെയും സഹായമില്ലാതെ തങ്ങള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.