ഓസ്ട്രേലിയയിൽ പ്രതിദിന കോവിഡ് മരണത്തിൽ റെക്കോർഡ് വർധന; 74 മരണം

ഓസ്ട്രേലിയയിൽ പ്രതിദിന കോവിഡ് മരണത്തിൽ റെക്കോർഡ് വർധന; 74 മരണം

സിഡ്‌നി: ഓസ്ട്രേലിയയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണ നിരക്ക്. 74 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. 36 പേരാണ് രോഗബാധിതരായി മരിച്ചത്. വിക്ടോറിയയില്‍ 22 പേരും ക്വീന്‍സ് ലന്‍ഡില്‍ 16 പേരും സൗത്ത് ഓസ്‌ട്രേലിയയില്‍ രണ്ടു പേരും മരണത്തിനു കീഴടങ്ങി.

ന്യൂ സൗത്ത് വെയില്‍സില്‍ 29,830 പുതിയ കേസുകളും വിക്ടോറിയയില്‍ 20,180 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്വീന്‍സ് ലന്‍ഡില്‍ 15,962 കേസുകള്‍ രേഖപ്പെടുത്തി.

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് ആരോഗ്യരംഗത്ത് വന്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതിനാല്‍ വിക്ടോറിയയിലെ ആശുപത്രികളില്‍ സര്‍ക്കാര്‍ 'കോഡ് ബ്രൗണ്‍' അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കാനും, അടിയന്തര സ്വഭാവമില്ലാത്ത ചികിത്സകള്‍ നീട്ടിവയ്ക്കാനും അധികാരം നല്‍കുന്നതാണ് കോഡ് അലര്‍ട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് പ്രാബല്യത്തില്‍ വരുന്ന ഈ ഉത്തരവ് നാല് മുതല്‍ ആറ് ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് സൂചന. ഇത് എല്ലാ ആശുപത്രികള്‍ക്കും ബാധകമാണ്.

സംസ്ഥാനത്തെ ആശുപത്രികള്‍ അതീവ സമ്മര്‍ദ്ദത്തിലാണെന്നും, ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്നും ഡെപ്യൂട്ടി പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ പറഞ്ഞു. ഇതോടൊപ്പം, കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടുകയാണ്. കോവിഡ് വാക്‌സിന്‍ എടുക്കാത്ത ചെറുപ്പക്കാരാണ് രാജ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരില്‍ കൂടുതലുമെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ 1,152 പേരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ 127 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഇതിനു മുന്‍പ് 2020 സെപ്റ്റംബര്‍ 4-നാണ് രാജ്യത്ത് റെക്കോര്‍ഡ് പ്രതിദിന മരണം റിപ്പോര്‍ട്ട് ചെയ്തത്. 59 പേരാണ് അന്ന് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.