മര്‍ക്കസിലെ അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടകള്‍ ആക്രമിച്ചതായി പരാതി

 മര്‍ക്കസിലെ അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടകള്‍ ആക്രമിച്ചതായി പരാതി

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം. അപകട സ്ഥലത്ത് ആദ്യമെത്തിയ ജന്‍മഭൂമി പ്രാദേശിക ലേഖകന്‍ പ്രശാന്ത്, ന്യൂസ് കേരള ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ജോണ്‍സണ്‍ ഈങ്ങാപ്പുഴ എന്നിവരടക്കമുള്ളവരെയാണ് തടഞ്ഞുവെച്ചത്. ദൃശ്യം പകര്‍ത്തിയ ഫോണ്‍ പിടിച്ചു വാങ്ങി വീഡിയോ നശിപ്പിക്കുകയായിരുന്നു.

കാന്തപുരത്തിന്റെ ട്രസ്റ്റ് നല്‍കുന്ന വാര്‍ത്തകള്‍ മാത്രം മാധാ്യമങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞാണ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതെന്ന് ഇവര്‍ പറയുന്നു. നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. പരിക്കേറ്റതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. കൈതപ്പോയിലിലെ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്.

പരിക്കേറ്റവരില്‍ 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പിന്നീട് ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെ തൂണ്‍ തെന്നിമറായതാണ് അപകട കാരണം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയാണ്. നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ബാക്കിയുള്ളവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്.

മര്‍ക്കസ് നോളെജ് സിറ്റി നിര്‍മിക്കുന്നത് ഭൂമി തരം മാറ്റിയാണെന്ന് തുടക്കത്തില്‍ വിവാദം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുന്നത്. ഭൂപരിഷ്‌കരണ നിയമപരിധിയില്‍ ഇളവ് ലഭിക്കുന്ന തോട്ടഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നായിരുന്നു ആരോപണം. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. എന്നാല്‍ കെട്ടിട നിര്‍മാണത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിശോധന നടത്തി അനുമതി നല്‍കിയിരുന്നില്ലെന്ന് പഞ്ചായത്ത് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.