സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍നിന്നു കാണാതായ ഒന്‍പതു വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച്ച ബ്ലൂ മൗണ്ടന്‍സില്‍നിന്നു കാണാതായ ചാര്‍ലിസ് മട്ടന്റെ മൃതദേഹമാണ് ഇന്നലെ ബാരലില്‍ നിന്നു കണ്ടെത്തിയത്. പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന പ്രതീക്ഷയില്‍ അഞ്ച് ദിവസം പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച്ചയാണ് ചാര്‍ലിസ് മട്ടനെ കാണാതായത്. മകളെ കാണാനില്ലെന്ന് വെള്ളിയാഴ്ചയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്. ജിപിഎസ് ഡാറ്റയും സിസിടിവിയും കേന്ദ്രീകരിച്ച് ഡിറ്റക്ടീവുകള്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി കോളോ നദിക്കടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലുള്ള വീപ്പയില്‍നിന്ന് ഒരു കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും വീപ്പയില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ചാര്‍ലിസിന്റേതുമായി പൊരുത്തപ്പെടുന്നതാണെന്നു പോലീസ് പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹം പരിശോധിച്ചുവരികയാണ്. മൃതദേഹം നിലവില്‍ സിഡ്നി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
31 വയസുകാരനായ പ്രതി ജസ്റ്റിന്‍ സ്റ്റീന്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇയാള്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. 2017-ല്‍ വന്‍തോതില്‍ മയക്കുമരുന്നുമായി അറസ്റ്റിലായി ആറര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് പരോളില്‍ കഴിയുന്ന കുറ്റവാളിയാണ് ജസ്റ്റിന്‍ സ്റ്റീന്‍.
മയക്കുമരുന്ന് ഉപയോഗിച്ച് കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയതിന് ചാര്‍ലിസിന്റെ അമ്മയും രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പ്രതി ജസ്റ്റിന്‍ സ്റ്റീന്‍
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ചാര്‍ലിസിനായി വ്യാപകമായ തെരച്ചില്‍ നടത്തിവരികയായിരുന്നു. ചാര്‍ലിസിനെ കാണാതായ ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുള്ള രണ്ടാനച്ഛന്റെ മൊഴികളില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഡേവിഡ് ഹഡ്സണ്‍ പറഞ്ഞു.
പ്രതിയുടെ നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. സംഭവത്തിനുശേഷം ജസ്റ്റിന്‍ ഒരു ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ നിന്ന് 20 കിലോഗ്രാം മണല്‍ച്ചാക്കുകളും ബോട്ടില്‍ ഉപയോഗിക്കാനുള്ള ഇന്ധനവും വാങ്ങി.
ട്വീഡ് ഹെഡ്‌സ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ചാര്‍ലിസ് ക്വീന്‍സ് ലന്‍ഡിലെ കൂലങ്കട്ടയില്‍ മുത്തശ്ശിയോടൊപ്പമാണ് താമസിച്ചിരുന്നത്. അവധിയായതിനാല്‍ രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ബ്ലൂ മൗണ്ടന്‍സില്‍ ചെലവഴിക്കുകയായിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിശാലമായ എസ്‌റ്റേറ്റില്‍ വച്ചാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിയെ കാണാതാകുന്നത്.
മകളുടെ തിരോധാനത്തിന് ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഡോക്ടര്‍മാര്‍ അനുവദിക്കുമ്പോള്‍ അമ്മയുടെ മൊഴിയെടുക്കുമെന്നും അതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഹഡ്സണ്‍ പറഞ്ഞു.
ചാര്‍ലിസിന്റെ യഥാര്‍ഥ പിതാവ് മകളുടെ കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നു.
സെന്‍ട്രല്‍ സിഡ്നിയിലെ സറി ഹില്‍സില്‍നിന്നാണ് ഇന്നലെ രാത്രി ജസ്റ്റിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ സെന്‍ട്രല്‍ ലോക്കല്‍ കോടതിയില്‍ ഇയാളെ ഹാജരാക്കി. തന്റെ കക്ഷിക്ക് ദീര്‍ഘകാലമായി മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മാര്‍ച്ചില്‍ പെന്റിത്ത് കോടതിയില്‍ പ്രതിയെ ഹാജരാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.