തിരുവനന്തപുരം: സംസ്ഥാനം കോവിഡ് മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ജലദോഷവും പനിയുമൊക്കെ ഉണ്ടെങ്കിലും മണവും രുചിയുമൊക്കെ കിട്ടുന്നതിനാല്‍ കോവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.
ഒമിക്രോണ്‍ ബാധിച്ച 17% പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി ഓര്‍മ്മപ്പെടുത്തി.
ഡെല്‍റ്റയേക്കാള്‍ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍. കേരളത്തില്‍ ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളില്‍ അഞ്ച് മുതല്‍ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തില്‍ എന്‍95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി.
കണ്ണിന് കാണാന്‍ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്‌സില്‍ നിന്ന് പോലും വൈറസ് പടര്‍ന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണം. വാക്‌സിനേഷന്‍ നിര്‍ബന്ധമായും എടുക്കണം. കോവിഡ് മുന്‍നിര പ്രവര്‍ത്തകരും മറ്റ് അര്‍ഹരും ബൂസ്റ്റര്‍ ഡോസ് എടുക്കണം. പൊതുജനങ്ങള്‍ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം. സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രിയില്‍ 3107 ഐസിയു ബെഡുകളുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 7468 ഐസിയു ബെഡുകളുണ്ട്. വെന്റിലേറ്ററുകളും ഓക്‌സിജന്‍ ബെഡുകളും സംസ്ഥാനത്ത് സജ്ജമാണ്. സംസ്ഥാനത്ത് 1817.54 മെട്രിക് ടന്‍ ലിക്വിഡ് ഓക്‌സിജനുണ്ട്. സംസ്ഥാനത്ത് മരുന്ന് ക്ഷാമം എന്നത് തെറ്റായ വാര്‍ത്തയാണെന്നും ആവശ്യമുള്ള മരുന്നുകളെല്ലാം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.