വിശ്വാസത്തില്‍ പാറപോലെ ഉറച്ചുനിന്നു; മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ക്രൈസ്തവന് വധശിക്ഷ

വിശ്വാസത്തില്‍ പാറപോലെ ഉറച്ചുനിന്നു; മതനിന്ദ ആരോപിച്ച്  പാകിസ്ഥാനില്‍ ക്രൈസ്തവന് വധശിക്ഷ

ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ മോചനം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും സഫര്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് ഭാര്യ നവാബ് ബീബി പറഞ്ഞു.

റാവല്‍പിണ്ടി: പാകിസ്ഥാനില്‍ മതനിന്ദാ കുറ്റമാരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട പാസ്റ്റര്‍ സഫര്‍ ഭട്ടിക്ക് വധശിക്ഷ വിധിച്ചു. 2012 ജൂലൈ 22 മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് അമ്പത്തേഴുകാരനായ സഫര്‍ ഭട്ടി. മതനിന്ദാ കുറ്റത്തിന് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കുന്ന പാകിസ്ഥാന്‍ തടവുകാരനാണ് ഇദ്ദേഹം.

ദരിദ്രരെ സഹായിക്കാനായി 'ജീസസ് വേള്‍ഡ് മിഷന്‍' എന്ന പേരില്‍ ഒരു ചെറിയ പ്രാദേശിക എന്‍.ജി.ഒ സ്ഥാപിച്ച ഭട്ടി, തന്റെ പേരില്‍ ഇല്ലാത്ത ഒരു സെല്‍ ഫോണില്‍ നിന്ന് മതനിന്ദാ സന്ദേശങ്ങള്‍ അയച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2017 ല്‍ പാകിസ്ഥാന്‍ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 295 സി പ്രകാരം ജീവപര്യന്തം തടവിന് സഫര്‍ ശിക്ഷിക്കപ്പെട്ടു.

ജയിലില്‍ കടുത്ത അക്രമങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. സഫറിന്റെ ശിക്ഷ പുനപരിശോധിക്കുന്നതിനായി നടന്ന ഹിയറിംഗില്‍ അഭിഭാഷകനായ നസീബ് അഞ്ജും ആരോപണങ്ങളോട് നിരവധി എതിര്‍പ്പുകള്‍ ഉന്നയിച്ചെങ്കിലും റാവല്‍പിണ്ടിയിലെ ജഡ്ജി സഫറിന് വധശിക്ഷ വിധിക്കുകയായിരുന്നു.

ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ മോചനം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും സഫര്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് ഭാര്യ നവാബ് ബീബി പറഞ്ഞു.

സഫറിനെ വധശിക്ഷക്കു വിധിച്ച സംഭവത്തെ ഫിന്‍ലന്‍ഡും യൂറോപ്യന്‍ യൂണിയനും അപലപിച്ചു. മതനിന്ദാ ആരോപണത്തെ തുടര്‍ന്ന് പത്തു വര്‍ഷങ്ങളായി അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു. 'ഈ ശിക്ഷ യഥാര്‍ത്ഥത്തില്‍ ന്യായീകരിക്കപ്പെടുന്നുണ്ടോ' എന്ന് ഫിന്‍ലന്‍ഡ് പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷ മൈക്ക നിക്കോ ചോദിച്ചു. എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.