രക്തബന്ധത്തില്‍പ്പെട്ടവരുമായി അതിരുവിട്ടബന്ധം സാമൂഹിക വിപത്ത്; വിലക്കുമായി ഫ്രാന്‍സ്

രക്തബന്ധത്തില്‍പ്പെട്ടവരുമായി  അതിരുവിട്ടബന്ധം സാമൂഹിക വിപത്ത്;  വിലക്കുമായി ഫ്രാന്‍സ്

പാരിസ്: രക്തബന്ധത്തില്‍പ്പെട്ടവരുമായുള്ള ശാരീരികബന്ധം (ഇന്‍സെസ്റ്റ്) നിയമവിരുദ്ധമാക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സ്. നിലവില്‍ കുട്ടികള്‍ ഒഴികെ, പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് രക്തബന്ധത്തില്‍പ്പെട്ടവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഫ്രാന്‍സില്‍ നിയമവിധേയമാണ്. നൂറ്റാണ്ടുകളായി തുടരുന്ന ഈ നയമാണ് ഫ്രാന്‍സ് മാറ്റാനൊരുങ്ങുന്നത്. ഇനി മുതല്‍ രക്തബന്ധമുള്ള ഏത് പ്രായത്തിലുള്ളവര്‍ തമ്മിലും ശാരീരിക ബന്ധമുണ്ടായാല്‍ നിയമവിരുദ്ധമായി കണക്കാക്കി കേസെടുക്കാനാണ് നീക്കം. 1791 ശേഷം ആദ്യമായാണ് ഇന്‍സെസ്റ്റ് (മാതാവ്, പിതാവ്, സഹോദരങ്ങള്‍ എന്നിവരുമായുള്ള ശാരീരികബന്ധം) നിരോധിക്കാന്‍ ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

'പ്രായം എത്രയായാലും സ്വന്തം അച്ഛനുമായോ മകനുമായോ മകളുമായോ അതിരുവിട്ട ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. പ്രായത്തിന്റെയോ പരസ്പര സമ്മതത്തിന്റെയോ പ്രശ്‌നമല്ല ഇത്. ഞങ്ങള്‍ ഇന്‍സെസ്റ്റിനെതിരെയുള്ള പോരാട്ടത്തിലാണ്-എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ചില്‍ഡ്രന്‍ അഡ്രിയേന്‍ ടാക്വെറ്റ് പ്രതികരിച്ചു.

ഇതോടെ ഇന്‍സെസ്റ്റ് നിയമവിരുദ്ധമാക്കിയ മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഫ്രാന്‍സും ഇടം പിടിക്കും. രണ്ടാനമ്മയുടെയോ രണ്ടാനച്ഛന്റെയോ കുടുംബവുമായി ബന്ധപ്പെട്ട് ഈ നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഫ്രഞ്ച് സര്‍ക്കാരിന്റെ നീക്കത്തെ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ലെസ് പാപ്പിലോണ്‍സ് എന്ന സംഘടനയുടെ ചെയര്‍മാന്‍ ലോറെന്റ് ബോയറ്റ് സ്വാഗതം ചെയ്തു. സാമൂഹികമായി നിഷിദ്ധമായ ഇന്‍സെസ്റ്റ് നിയമപരമായും നിരോധിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് രക്തബന്ധമുള്ളവരുമായുള്ള ശാരീരിക ബന്ധം, സ്വവര്‍ഗ ലൈംഗികത തുടങ്ങിയവ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍നിന്ന് ഭരണകൂടം ഒഴിവാക്കിയത്. രാജ്യത്തെ പത്തില്‍ ഒരാള്‍ ഇന്‍സെസ്റ്റിന്റെ ഇരകളാണെന്ന് ഈയിടെ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 78 ശതമാനം പേരും സ്ത്രീകളാണ്.

എന്നാല്‍ പത്തു ശതമാനം പേര്‍ മാത്രമാണ് പരാതി നല്‍കാറുള്ളത്. ഇതില്‍ ഒരു ശതമാനം പേര്‍ക്കു മാത്രമേ ശിക്ഷ വിധിച്ചിട്ടുള്ളൂ. ലോകത്ത് ഇരുപതോളം രാഷ്ട്രങ്ങളിലാണ് നിലവില്‍ ഇന്‍സെസ്റ്റ് നിയമവിധേയമായിട്ടുള്ളത്.

നേരത്തെ പ്രമുഖ ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകരിലൊരാളായ ഒലിവിയര്‍ ദുഹാമലിനെതിരെ വളര്‍ത്തുമകന്‍ ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് വീണ്ടും സജീവമായത്. ആരോപണത്തെ തുടര്‍ന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് മേധാവി സ്ഥാനത്തു നിന്ന് ഒലിവറിന് പടിയിറങ്ങേണ്ടി വന്നിരുന്നു.

ആരോപണങ്ങള്‍ ശരിയാണെന്ന് ദുഹാമല്‍ സമ്മതിച്ചെങ്കിലും ഫ്രഞ്ച് നിയമങ്ങളുടെ പരിമിതികള്‍ കാരണം വിചാരണ ചെയ്തില്ല. നിയമപരിരക്ഷയുടെ ചുവടുപിടിച്ച് രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും പതിവാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.