എഴാം ക്ലാസിൽ പഠിക്കുന്ന അപ്പുവിനെ പരിചയപ്പെടാം. (യഥാർത്ഥ പേരല്ല) ആന്റിയുടെ കൂടെയാണ് അവന്റെ താമസം. അപ്പുവിന്റെ സ്വഭാവത്തിൽ പതിവില്ലാത്ത വ്യതിയാനങ്ങൾ കണ്ടുതുടങ്ങിയത് ആൻറിയെ അത്ഭുതപ്പെടുത്തി. പെട്ടന്ന് ദേഷ്യപ്പെടുക, മിണ്ടാതിരിക്കുക കൂടാതെ ചെറിയ തോതിൽ മോഷണവും ഉണ്ട്. അപ്പുവുമായ് എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചപ്പോഴാണ്
അവന്റെ ഈ ഭാവമാറ്റത്തിന്റെ പൊരുളറിഞ്ഞത്. അപ്പനുമമ്മയ്ക്കും ഏക മകനാണവൻ. ഇപ്പോൾ അവന്റെ അമ്മ വീട്ടിലില്ല. അപ്പന്റെ കൂടെ താമസിക്കാൻ അവന് പേടിയാണത്രെ.
മദ്യപിച്ചു വരുന്ന അപ്പൻ അമ്മയുമായ് നിത്യവും വഴക്കാണ്. "നിന്നെ കെട്ടിയ നാൾ മുതൽ എന്റെ ജീവിതം നശിച്ചു .....എനിക്ക് ലഭിക്കാനുള്ള സ്ത്രീധന തുക ഇനിയും ലഭിച്ചിട്ടില്ല...."എന്നിങ്ങനെയുള്ള അപ്പന്റെ ആക്രോശങ്ങൾക്കു നടുവിൽ ഉറക്കമില്ലാത്ത രാത്രികളായിരുന്നു അവന്റേത്. സഹികെട്ട് അമ്മ വീടുവിട്ടിറങ്ങി എവിടെയോ വീട്ടുവേല ചെയ്ത് ജീവിക്കുന്നു.
ആന്റിയുടെ വീട്ടിൽ താമസിക്കുന്ന അപ്പു, അമ്മയെ സഹായിക്കാൻ കണ്ടെത്തിയ ഉപാധിയാണ് മേഷണം. "എനിക്കൊരു കള്ളനാകണം. എല്ലാവരും ഭയപ്പെടുന്ന കള്ളൻ! എന്നിട്ട് വേണം അമ്മയെ ഉപദ്രവിക്കുന്ന അപ്പനെ വകവരുത്താൻ.." അവന്റെ വാക്കുകളിലെ തീ ഏതൊരുവനെയും ഭയപ്പെടുത്തുന്നതായിരുന്നു.
അപ്പുവിന്റെ സ്വഭാവം ഇങ്ങനെയാകാൻ കാരണം അവന്റെ മാതാപിതാക്കൾ തമ്മിലുള്ള കലഹമാണെന്ന കാര്യത്തിൽ തർക്കമില്ലല്ലോ? അപ്പനുമമ്മയും രമ്യതപ്പെടാതെ അപ്പുവിനെ നേർവഴിക്ക് കൊണ്ടുവരിക ശ്രമകരമായ കാര്യമാണ്.
ഇന്ന് പല കുടുംബങ്ങളിലും മക്കളിലെ ദൂഷ്യ വശങ്ങൾ ചൂണ്ടിക്കാണിക്കാൻ മാതാപിതാക്കൾ മത്സരിക്കുകയാണ്. എന്നാൽ തങ്ങളുടെ സ്വഭാവ ദൂഷ്യങ്ങൾ മുഖേന മക്കൾ വഴിതെറ്റുന്നുണ്ടോ എന്നവർ ചിന്തിക്കുന്നില്ല.
മക്കൾ പ്രാർത്ഥിക്കുന്നില്ലെന്ന് പരാതിപ്പെടുന്ന മാതാപിതാക്കൾ സ്വയം ചോദിക്കുക, നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ? മക്കൾ വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നില്ലെന്ന് പരിഭവിക്കുന്ന മാതാപിതാക്കൾ വിശുദ്ധ കുർബാനയ്ക്ക് മുടക്കം വരുത്താറുണ്ടോ? മക്കൾ മുഴുവൻ സമയവും മൊബൈൽ ഫോണിലാണെന്ന് കരയുന്ന മാതാപിതാക്കൾക്ക് അവരുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനാകുന്നുണ്ടോ?
"ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍ യജമാനനെക്കാൾ വലിയവനല്ല. ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍ യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!" (മത്തായി 10:24-25) എന്ന തിരുവചനം ഇവിടെ ചിന്തനീയമാണ്.
വിശുദ്ധിയുള്ള മക്കൾ രൂപപ്പെടണമെങ്കിൽ വിശുദ്ധിയുള്ള മാതാപിതാക്കളും ഉണ്ടാകണം. ആരുമറിയുന്നില്ലെന്നു കരുതി മാതാപിതാക്കൾ ചെയ്യുന്ന തിന്മയുടെ പ്രതിഫലനങ്ങൾ മക്കളുടെ സ്വഭാവത്തിലും പ്രകടമാകാൻ സാധ്യതയുണ്ടെന്ന കാര്യം മറക്കാതിരിക്കാം.
വി.സെബസ്ത്യാനോസിന്റെ
തിരുനാൾ മംഗളങ്ങൾ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.