ഡാര്‍വിന്‍: ഓസ്‌ട്രേലിയയിലെ തുറമുഖ നഗരമായ ഡാര്‍വിനില്‍ വന്‍ നിക്ഷേപവുമായി അമേരിക്ക. സ്വന്തം പ്രതിരോധ സേനയ്ക്ക് വേണ്ടി 27 കോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ ചെലവിട്ട് അമേരിക്ക ഇന്ധന സംഭരണ കേന്ദ്രം നിര്‍മിക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. നോര്‍ത്തേണ്‍ ടെറിട്ടറി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡാര്‍വിന്‍ സിബിഡിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഈസ്റ്റ് ആം മേഖലയിലാണ് പടുകൂറ്റന്‍ സംഭരണ കേന്ദ്രം നിര്‍മിക്കുന്നത്. യു.എസ്-ഓസ്‌ട്രേലിയ പ്രതിരോധ സഹകരണത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് പുതിയ നിക്ഷേപം.
നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വമ്പന്‍ നിക്ഷേപമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിര്‍മ്മാണ സമയത്ത് ഏകദേശം നാനൂറിലധികം തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 സെപ്റ്റംബറോടെ സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ജെറ്റ് ഇന്ധനം 300 ദശലക്ഷം ലിറ്റര്‍ സംഭരിക്കാന്‍ ഇതിനു ശേഷിയുണ്ടാകും. നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഏറ്റവും വലിയ ഇന്ധന സംഭരണ പദ്ധതിയാണിത്.
പ്രതിരോധ പദ്ധതികളുടെയും ദേശീയ സുരക്ഷയുടെയും തന്ത്രപ്രധാന മേഖലയായി നോര്‍ത്തേണ്‍ ടെറിട്ടറിയെ മാറ്റിയെടുക്കുകയാണ് നിക്ഷേപത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി മൈക്കല്‍ ഗണ്ണര്‍ പറഞ്ഞു.
ഡാര്‍വിന്‍ തുറമുഖം
ഫ്‌ളോറിഡ ആസ്ഥാനമായുള്ള ലോജിസ്റ്റിക് കമ്പനിയായ ക്രൗലി സൊല്യൂഷന്‍സ് കഴിഞ്ഞ സെപ്റ്റംബറില്‍ പദ്ധതിയുടെ നിര്‍മ്മാണ ടെന്‍ഡര്‍ നേടി. ഡാര്‍വിനിലുള്ള വ്യോമ, സൈനിക താവളങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ നേട്ടമുണ്ടാകുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് ഷോണ്‍ തോമസ് പറഞ്ഞു. സൈനികാവശ്യങ്ങള്‍ക്ക് വലിയ അളവില്‍ ഇന്ധനം നല്‍കുക എന്നതാണു ലക്ഷ്യമെന്ന് ഷോണ്‍ തോമസ് പറഞ്ഞു. ഇതിനായി ഈസ്റ്റ് ആം വാര്‍ഫില്‍ പൈപ്പ് ലൈനും സ്ഥാപിക്കും.
തുറമുഖത്തെ കപ്പലുകളിലേക്കുള്ള ഇന്ധനത്തിന്റെ കയറ്റുമതിക്കും ഇറക്കുമതിക്കും പദ്ധതിയിലൂടെ സാധിക്കും. റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ ഡാര്‍വിനിലെയും ടിന്‍ഡാലിലെയും വ്യോമസേനാ താവളങ്ങളിലേക്കു റോഡ് മാര്‍ഗം ടാങ്കറുകളില്‍ ജെറ്റ് ഇന്ധനം എത്തിക്കാനും കഴിയും.
ചൈനീസ് കമ്പനിയായ ലാന്‍ഡ്ബ്രിഡ്ജ് പാട്ടത്തിനെടുത്ത് നടത്തുന്ന ഡാര്‍വിന്‍ തുറമുഖത്തോട് ചേര്‍ന്നാണ് ഈ സംഭരണ കേന്ദ്രം നിര്‍മിക്കുന്നത്. നിലവില്‍ ഇവിടെ ബഹുരാഷ്ട്ര കമ്പനിയായ വോപാക്കിന്റെ 174 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഇന്ധന സംഭരണശാലയും സ്ഥിതി ചെയ്യുന്നു.
ഓസ്ട്രേലിയന്‍ കമ്പനിയായ സോണ്ടേഴ്സ് ഇന്റര്‍നാഷണലിനാണ് 11 ജെറ്റ് ഇന്ധന സംഭരണ ടാങ്കുകളുടെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി 140 മില്യണ്‍ ഡോളറിന്റെ കരാര്‍ ലഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായുള്ള യു.എസ്-ഓസ്‌ട്രേലിയ പ്രതിരോധ കൂട്ടുകെട്ടിന്റെ ഭാഗമായി നോര്‍ത്തേണ്‍ ടെറിട്ടറിയിലെ വിവിധ പദ്ധതികള്‍ക്കായി യുഎസ് സര്‍ക്കാര്‍ ഇതിനകം 800 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ നോര്‍ത്തേണ്‍ ഓസ്‌ട്രേലിയ അനലിസ്റ്റ് ഡോ. ടീഗന്‍ വെസ്റ്റെന്‍ഡോര്‍ഫ് പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയില്‍ ചൈന സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനെ പ്രതിരോധിക്കാന്‍ ഓരോ വര്‍ഷവും ഏകദേശം 2,000 യു.എസ് കപ്പലുകളും സൈനിക വിമാനങ്ങളും ആറ് മാസത്തോളം ഡാര്‍വിനില്‍ നിലയുറപ്പിക്കാറുണ്ട്. അതിനാല്‍തന്നെ യു.എസിനെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്.
ഓസ്ട്രേലിയ, യുകെ, യു.എസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഓകസ് സൈനിക സഖ്യത്തിന്റെ ഭാഗമായി സംയോജിതമായ സൈനിക പരിശീലനങ്ങളും വിപുലപ്പെടുത്തിയിട്ടുണ്ട്.
ഡാര്‍വിനില്‍ യുഎസ് സേനയുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നതായി ഓസ്‌ട്രേലിയ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയില്‍ ചൈന ഉയര്‍ത്തുന്ന സംഘര്‍ഷ സാധ്യതകളെയും ഭീഷണിയെയും നേരിടാന്‍ ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം യു.എസുമായുള്ള ബന്ധത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.