കാന്‍ബറ: ഓസ്ട്രേലിയയില്‍ കോവിഡ് രോഗികളുടെ ചികിത്സിയ്ക്കായി നോവാവാക്‌സ് കോവിഡ് വാക്‌സിനും ആന്റി വൈറല്‍ ഗുളികകള്‍ക്കും അനുമതി നല്‍കി ദേശീയ മെഡിക്കല്‍ റഗുലേറ്റര്‍ തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ (ടി.ജി.എ). 51 ദശലക്ഷം ഡോസ് നോവാവാക്‌സ് വാക്‌സിനായി ഫെഡറല്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
അതേസമയം, വാക്‌സിന്‍ ആര്‍ക്കൊക്കെ ലഭ്യമാക്കണമെന്ന് തീരുമാനിക്കുന്ന ഓസ്ട്രേലിയന്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷനില്‍നിന്ന് നോവാവാക്സിന് അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. മൂന്ന് ആഴ്ച ഇടവിട്ട് നല്‍കുന്ന രണ്ട് ഡോസ് വാക്‌സിനേഷനുകളില്‍ ഇനി മുതല്‍ നോവാവാക്സും ഉള്‍പ്പെടും. ബൂസ്റ്റര്‍ ഡോസായി നോവാവാക്‌സ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ടി.ജി.എ അറിയിച്ചു.
ആസ്ട്രസെനക്ക, ഫൈസര്‍, ജാന്‍സെന്‍, മോഡേണ എന്നിവയ്ക്കൊപ്പം ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ അംഗീകാരം ലഭിച്ച അഞ്ചാമത്തെ വാക്സിനാണ് നോവാവാക്സ്.
കോവിഡ് ബാധിതരായ, ഉയര്‍ന്ന അപകടസാധ്യതയുള്ള മുതിര്‍ന്ന രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ കോവിഡ് ആന്റി വൈറല്‍ ഗുളികള്‍ക്കും ടി.ജി.എ പച്ചക്കൊടി കാട്ടി. അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ ഫൈസറിന്റെ ഗുളികയായ പാക്സ്ലോവിഡ്, മെര്‍ക്ക് ഷാര്‍പ്പ് ആന്‍ഡ് ഡോഹ്‌മി എന്ന കമ്പനിയുടെ ലഗേവ്രിയോ ഗുളികയ്ക്കുമാണ് ഓസ്ട്രേലിയയില്‍ ഉപയോഗിക്കുന്നതിന് ടിജിഎ അംഗീകാരം നല്‍കിയത്.
വരും ആഴ്ചകളില്‍ 8,00,000 ആന്റി വൈറല്‍ ഗുളികകള്‍ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ബാധിച്ച് ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മുതിര്‍ന്നവര്‍ക്ക് ഈ ഗുളികകള്‍ നിര്‍ദേശിക്കാം. രോഗിയുടെ ശരീരത്തിനുള്ളില്‍ പെരുകാനുള്ള വൈറസിന്റെ കഴിവിനെ ഇതു തടസപ്പെടുത്തുന്നു. കൃത്യസമയത്ത് നല്‍കിയാല്‍ രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും ഒഴിവാക്കാന്‍ സഹായിക്കും. എന്നാലിത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വൃക്ക, കരള്‍ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്കും ശുപാര്‍ശ ചെയ്യുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
രോഗികള്‍ക്ക് അവരുടെ ജനറല്‍ പ്രാക്ടീഷണറുടെ കുറിപ്പടി വഴിയോ ആശുപത്രികളിലൂടെയോ ഗുളികകള്‍ ലഭിക്കുമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26