ഒമിക്രോണ്‍: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ തുറക്കുന്നത്‌ അനിശ്ചിതമായി വൈകുമെന്ന് പ്രീമിയര്‍

ഒമിക്രോണ്‍: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ തുറക്കുന്നത്‌ അനിശ്ചിതമായി വൈകുമെന്ന് പ്രീമിയര്‍

പെര്‍ത്ത്: കോവിഡ് രോഗ വ്യാപനത്തെതുടര്‍ന്ന് അടച്ചിട്ട പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ തുറക്കുന്നത് അനിശ്ചിതമായി ഇനിയും വൈകും. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന പ്രീമിയര്‍ മാര്‍ക് മക്‌ഗോവന്‍ ആണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. അതിര്‍ത്തികള്‍ ഇനി എന്നു തുറക്കുമെന്ന തീയതിയും നിശ്ചയിച്ചിട്ടില്ല.

ഫെബ്രുവരി അഞ്ചിന് സംസ്ഥാനത്തിന്റെ അതിര്‍ത്തി നിയന്ത്രണത്തില്‍ ഇളവു വരുത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ആരോഗ്യ മേഖലയില്‍ ഭീതി ഉണര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മാര്‍ക് മഗ്‌ഗോവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച്ച സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ തന്നെയാണ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ പ്രീമിയറോട് ആവശ്യപ്പെട്ടത്. അതിര്‍ത്തികള്‍ തുറക്കുന്നതു സംബന്ധിച്ച തീയതി ഫെബ്രുവരിയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ഫെബ്രുവരി അഞ്ചു മുതല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ ചില യാത്രക്കാര്‍ക്ക് നേരിയ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കാണ് ഇളവു നല്‍കുക. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.

കഴിഞ്ഞ ഡിസംബര്‍ 13-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫെബ്രുവരി അഞ്ചിന് അതിര്‍ത്തികള്‍ തുറക്കുമെന്ന് പ്രീമിയര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കുടുതലായതിനാലാണ് പുതിയ തീരുമാനമെന്ന് പ്രീമിയര്‍ അറിയിച്ചു. ഒമിക്രോണ്‍ വ്യാപന തോത് തടയാന്‍ മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ അത്യാവശ്യമാണെന്നും പ്രീമിയര്‍ പറഞ്ഞു.

സംസ്ഥാനത്ത് മൂന്നാം ഡോസ് എടുത്തവരുടെ എണ്ണം കുറഞ്ഞത് 80 ശതമാനത്തിനു മുകളിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവിലെ സാഹചര്യം ഫെബ്രുവരി വരെ നിരീക്ഷിക്കുമെന്നും തുടര്‍ന്ന് അതിര്‍ത്തി തുറക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും പ്രീമിയര്‍ അറിയിച്ചു.

നിലവില്‍ 16 വയസും അതിനു മുകളിലും പ്രായമുള്ളവരില്‍ 25.8 ശതമാനം മാത്രമാണ് മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനാകില്ലെന്നും പ്രീമിയര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.