അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കും; ജോ ബൈഡൻ

അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കും; ജോ  ബൈഡൻ

 വാഷിങ്ങ്ടൺ: അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കുമെന്ന് ജോ ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ.

അമേരിക്കയുടെ മുറിവുണക്കാനുള്ള സമയമാണിത്. അമേരിക്കയെന്നാൽ ചുവപ്പും നീലയും സംസ്ഥാനങ്ങളല്ല; ഐക്യനാടുകളാണ്. കറുത്ത വർഗക്കാർ അമേരിക്കയുടെ അവിഭാജ്യ ഘടകമാണ്. താൻ വിഭജിക്കുന്ന നേതാവാകില്ലെന്നും ബൈഡൻ  പറ‌ഞ്ഞു. രാജ്യത്തെ ജനങ്ങൾ സംസാരിച്ച് കഴിഞ്ഞു. അവർ ഞങ്ങൾക്ക് വ്യക്തമായ വിജയം നൽകി. തികച്ചും ബോധ്യപ്പെടുത്തുന്ന വിജയം. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം വോട്ടുകൾ നേടി വിജയിച്ച പ്രസിഡന്റായി. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും, ബൈഡൻ പറഞ്ഞു.

പ്രസിഡന്റ് ട്രംപിന് വോട്ടുചെയ്തവരുടെ ഇന്ന് രാത്രിയിലെ നിരാശ ഞാൻ മനസിലാക്കുന്നു. രണ്ട് തവണ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ പരസ്പരം നമ്മുക്ക് അവസരം നൽകാം. കഠിനമായ വാക്ക്പോരുകൾമാറ്റി വയ്ക്കാം; സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങൾ കുറയ്ക്കാം. പരസ്പരം വീണ്ടും കാണാനും  വീണ്ടും ശ്രദ്ധിക്കാനും പുരോഗതി കൈവരിക്കാനും സമയമായി, പ്രതിപക്ഷത്തെ  നമ്മുടെ ശത്രുക്കളായി പരിഗണിക്കുന്നത് അവസാനിപ്പിക്കണം.അവർ നമ്മുടെ ശത്രുക്കളല്ല. അവർ അമേരിക്കക്കാരാണ്.

ബൈബിൾ പറയുന്നത് എല്ലാത്തിനും ഒരുസമയമുണ്ടെന്നാണ്. സൃഷ്ടിക്കാനൊരുസമയം, വിതയ്ക്കാനൊരു സമയം, കൊയ്യാനൊരു സമയം, മുറിവുണയ്ക്കാനൊരു സമയം. ഇത് മുറിവുണക്കാനുള്ള സമയമാണ്. ബൈഡൻ കൂട്ടിച്ചേർത്തു. നമ്മൾ അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കണം. വെളിച്ചം പരത്തുന്ന തിരുമാനങ്ങളും ഇരുണ്ട ചിന്തകളും തമ്മിലുള്ള നിരന്തരമായ പോരാട്ടങ്ങളാണ് നമ്മുടെ രാഷ്ട്രത്തെ രൂപപ്പെടുത്തിയത്. ഇപ്പോൾ വെളിച്ചത്തിന്റെ സമയമാണ്. ഇന്ന് രാത്രി ലോകം മുഴുവൻ അമേരിക്കയെ ഉറ്റുനോക്കുകയാണ്.

അമേരിക്ക ലോകത്തിന് ഒരു വിളക്കുമാടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ശക്തിയല്ല ലോകത്തിന് മാതൃകയാകേണ്ടത്; ഐക്യത്തിന്റെയും സമഭാവനയുടെയും മാതൃകയിലേക്ക് ലോകം ഉറ്റുനോക്കട്ടെ, ബൈഡൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.