പനാജി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ഗോവയിലും ബിജെപിക്ക് തിരിച്ചടി. സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍ വിമത വേഷത്തില്‍ മത്സരത്തിനൊരുങ്ങുകയാണ്. മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍, മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരസേക്കര്‍ ഉള്‍പ്പെടെ അര ഡസനോളം പേരാണ് ഇപ്പോള്‍ വിമത നീക്കവുമായി രംഗത്തുള്ളത്.
വ്യാഴാഴ്ചയായിരുന്നു ഗോവയില്‍ ബിജെപിയുടെ 34 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സീറ്റ് പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും ലഭിച്ചില്ലെന്ന് മാത്രമല്ല പുതിയ ആളുകള്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തു. അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറിന് ബിജെപി സീറ്റ് നിഷേധിച്ചതാണ് പ്രധാനപ്പെട്ട കാര്യം.
പരീക്കറുടെ സീറ്റായിരുന്ന പനാജി ഉത്പലിന് നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടെ മുന്‍ കോണ്‍ഗ്രസ് നേതാവായ അറ്റനാസിയോ ബാബുഷ് മൊണ്‍സെറാട്ടെയെ ആണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്പല്‍ പരീക്കറെന്നാണ് പുറത്തു വരുന്ന വിവരം. പനാജിയില്‍ തന്നെ മത്സരിക്കുമെന്നാണ് വിവരങ്ങള്‍.
മുന്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറിനും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. അദ്ദേഹവും സ്വതന്ത്രനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. മുന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ദീപക് പുഷ്‌കറും സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തന്നെ വിമതരായി മത്സരിച്ച് ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുത്ത് സര്‍ക്കാരുണ്ടാക്കിയ ഒരു സംസ്ഥാനമാണ് ഗോവ. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.