കായിക വേദികളില്‍ 'ഹിജാബ്' നിരോധിക്കാന്‍ ഫ്രാന്‍സ്; നിയമ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കി സെനറ്റ്

 കായിക വേദികളില്‍ 'ഹിജാബ്' നിരോധിക്കാന്‍ ഫ്രാന്‍സ്;  നിയമ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കി സെനറ്റ്

പാരിസ് : കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ശിരോവസ്ത്രമായ ഹിജാബ് ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്താനുള്ള ഫ്രാന്‍സിലെ നീക്കം അന്തിമ ഘട്ടത്തിലേക്ക്. കായിക വേദികളില്‍ മതപരമായ നിഷ്പക്ഷത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇതുമായി ബന്ധപ്പെട്ട നിയമത്തിന് സെനറ്റ് അംഗീകാരം നല്‍കി. വലതുപക്ഷ ഗ്രൂപ്പായ ലെസ് റിപ്പബ്ലിക്കെയ്ന്‍സ് നിര്‍ദ്ദേശിച്ച നിയമ ഭേദഗതിക്ക് അനുകൂലമായി 143 സെനറ്റര്‍മാര്‍ വോട്ട് ചെയ്തു. 160 അംഗ സെനറ്റിലെ 17 പേര്‍ നിയമത്തെ എതിര്‍ത്തു.

സ്പോര്‍ട്സ് ഫെഡറേഷനുകള്‍ സംഘടിപ്പിക്കുന്ന ഇവന്റുകളിലും മത്സരങ്ങളിലും പങ്കെടുക്കുന്നതിന് 'പ്രകടമായ മതചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നു' എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിയമ ഭേദഗതി. അതേസമയം, 'കായിക മത്സരങ്ങളില്‍ പര്‍ദ്ദ ധരിക്കുന്നത്' നിരോധിക്കുക എന്നതാണ് ഭേദഗതി ലക്ഷ്യമിടുന്നതെന്ന് സെനറ്റര്‍മാര്‍ സഭയില്‍ വ്യക്തമായി പറഞ്ഞു.മത നിര്‍ദ്ദേശപ്രകാരമായാലും അല്ലെങ്കിലും ശിരോവസ്ത്രം കായിക താരങ്ങളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ പൗരന്മാര്‍ക്കും അവരുടെ മതം പ്രയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സെനറ്റര്‍മാര്‍ പറഞ്ഞു.അതേസമയം, 'ഇന്ന്, മതചിഹ്നങ്ങള്‍ ധരിക്കുന്നത് സംബന്ധിച്ച് നിയമപരമായ അനിശ്ചിതത്വമുണ്ട്, നിയമങ്ങള്‍ വ്യക്തമായി നിര്‍വചിക്കേണ്ടത് ഭരണകൂടത്തിന് ആവശ്യമാണ്,'- സെനറ്റര്‍മാര്‍ വാദിച്ചു. 'പര്‍ദ്ദ ധരിക്കുന്നത് വ്യക്തമായി നിരോധിക്കണം. അല്ലാത്തപക്ഷം, ചില മതപരമായ അടയാളങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ ആവിര്‍ഭാവം നമുക്ക് കാണാന്‍ കഴിയും.'

നിയമ ഭേദഗതി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സെനറ്റില്‍ നിന്നും ലോവര്‍ ഹൗസില്‍ നിന്നുമുള്ള അംഗങ്ങള്‍ അടങ്ങുന്ന സംയുക്ത സമിതിക്ക് വിട്ടുവീഴ്ചകള്‍ വരുത്താനാകും.അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ നിയമം പ്രാബല്യത്തിലാകുന്നത്. 2024ലെ പാരിസ് ഒളിമ്പിക്സില്‍ വിലക്ക് പ്രസക്തമാകുമോയെന്ന് വ്യക്തമല്ല. അഭിപ്രായത്തിനുള്ള അഭ്യര്‍ത്ഥനയ്ക്ക് ഒളിമ്പിക് സംഘാടക സമിതി മറുപടി നല്‍കിയിട്ടില്ല.

ഫ്രാന്‍സിനെ തീവ്രവാദികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഫ്രഞ്ച് മൂല്യങ്ങളോടുള്ള ബഹുമാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി മോസ്‌കുകള്‍, സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവയുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭയിലെ നിയമനിര്‍മ്മാതാക്കള്‍ അംഗീകാരം നല്‍കി ഒരു വര്‍ഷത്തിന് ശേഷമാണ് ഈ വോട്ടെടുപ്പ് നടന്നത് - പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സുപ്രധാന പദ്ധതികളിലൊന്ന്.



സ്‌കൂളുകളില്‍ മതം വ്യക്തമാക്കുന്ന അടയാളങ്ങള്‍ ധരിക്കുന്നതിന് 2004 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2011 ല്‍ സ്‌കൂളുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതും വിലക്കി. ഇതിനു പിന്നാലെയാണ് കായിക താരങ്ങള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഭീകരാക്രമണങ്ങളാല്‍ ഫ്രാന്‍സ് രക്തരൂക്ഷിതമായ സാഹചര്യത്തില്‍, അമിതമായ മതേതര ലക്ഷ്യ നീക്കങ്ങള്‍ അപകടകരമാകാമെന്ന്് ചുരുക്കം ചില സെനറ്റര്‍മാര്‍ വാദിക്കുന്നു. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വലതുപക്ഷത്തെ മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള രാഷ്ട്രീയ തന്ത്രമായാണ് വിമര്‍ശകര്‍ ഈ നിയമത്തെ കാണുന്നത്.

ഔദ്യോഗിക മത്സരങ്ങളില്‍ സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നതിനെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതിനകം വിലക്കിയിട്ടുണ്ട്. അതേസമയം, ശിരോവസ്ത്രം ധരിക്കുന്ന ഫുട്‌ബോള്‍ കളിക്കാരുടെ സംഘമായ 'ലെസ് ഹിജാബ്യൂസ്', ശിരോവസ്ത്രത്തെ പരാമര്‍ശിക്കുന്ന ഹിജാബ് എന്ന പദവുമായി ബന്ധപ്പെട്ട്, ആ നിരോധനത്തിനെതിരെ പ്രചാരണം നടത്തിവരുന്നു. ശിരോവസ്ത്രം ധരിച്ച് തങ്ങളുടെ പ്രിയപ്പെട്ട കായികവിനോദത്തില്‍ ഏര്‍പ്പെടാനുള്ള അവകാശം എല്ലാ മുസ്ലീം സ്ത്രീകള്‍ക്കും ഉണ്ടായിരിക്കണമെന്ന് സംഘം പറയുന്നു. ഫെഡറേഷന്‍ നിരോധനം മറികടക്കാന്‍ ഫ്രാന്‍സിന്റെ ഏറ്റവും ഉയര്‍ന്ന നിയമ വേദിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റില്‍ ഇവര്‍ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.