കോപ്പന്‍ഹേഗന്‍: മനുഷ്യ പ്രവര്‍ത്തനങ്ങളുടെ സ്പര്‍ശമേല്‍ക്കാത്ത ഉത്തര, ദക്ഷിണ ധ്രുവങ്ങളിലും ആദ്യമായി ഗണ്യമായ അളവില്‍ നാനോ പ്ലാസ്റ്റിക് കണികകള്‍ ആദ്യമായി കണ്ടെത്തി. നെതര്‍ലന്‍ഡ്സിലെ ഉട്രെക്റ്റ് യൂണിവേഴ്സിറ്റി, കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റി, ബെല്‍ജിയത്തിലെ യൂണിവേഴ്സിറ്റി ഡി ബ്രക്സെല്ലെസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ഇതു സംബന്ധിച്ച സംയുക്ത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
പ്ലാസ്റ്റിക് മലിനീകരണം എത്രത്തോളം വിഷലിപ്തവും ദൂരവ്യാപകവുമാണെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്. നാനോപ്ലാസ്റ്റിക്ക് മലിനീകരണം പതിറ്റാണ്ടുകളായി നടക്കുന്നുവെന്നും ലോകമെമ്പാടുമുള്ള ജീവജാലങ്ങള്‍ ഇതിന് വിധേയമാകുന്നുവെന്നും പഠനം വ്യക്തമാക്കി. ഒരു മൈക്രോമീറ്ററില്‍ താഴെ വരുന്നതാണ് നാനോപ്ലാസ്റ്റിക്. മൈക്രോപ്ലാസ്റ്റിക്കുകളെക്കാള്‍ ഹാനികരമായ നാനോപ്ലാസ്റ്റിക്കുകള്‍ക്ക് അന്തരീക്ഷത്തിലൂടെ വളരെ ദൂരം സഞ്ചരിക്കാനുമുള്ള കഴിവുണ്ട്. ഇവ പരിസ്ഥിതിയിലെത്തിയാല്‍ വന്‍തോതില്‍ വിഘടിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഗവേഷകര്‍ ഗ്രീന്‍ലന്‍ഡ്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ നിന്ന് 14 മീറ്റര്‍ ആഴത്തിലുള്ള മഞ്ഞുപാളികള്‍ ശേഖരിച്ചിരുന്നു. ഇവയിലെല്ലാം ഗണ്യമായ തോതില്‍ നാനോപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തി. നാനോപ്ലാസ്റ്റിക്ക് മലിനീകരണം പുതിയതായി ഉടലെടുത്ത പ്രശ്നമല്ലെന്ന് പറയുന്നു ഗവേഷകര്‍. 'ഇവയുടെ മലിനീകരണ തോത് അളക്കാന്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചു കഴിഞ്ഞു. ഗ്രീന്‍ലാന്‍ഡില്‍ 1960 ന് ശേഷം നാനോപ്ലാസ്റ്റിക്ക് മലിനീകരണമുണ്ടായിട്ടുണ്ട്.'- പഠനത്തിന് നേതൃത്വം നല്‍കിയ ദുസാന്‍ മാറ്ററിക് പറഞ്ഞു.
ഗവേഷകര്‍ ധ്രുവീയ ഹിമത്തില്‍ ഒന്നിലധികം തരം നാനോപ്ലാസ്റ്റിക്കുകള്‍ തിരിച്ചറിഞ്ഞു, അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പോളിയെത്തിലീന്‍ ആണ്. ഡിസ്‌പോസിബിള്‍ ബാഗുകള്‍, ഭക്ഷണ പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, പൈപ്പുകള്‍ എന്നിവ പോലെ ഒറ്റത്തവണത്തേക്കുള്ള പാക്കേജിംഗ് വസ്തുക്കളില്‍ കാണപ്പെടുന്ന ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഇനങ്ങളില്‍ ഒന്നാണിത്. കണ്ടെത്തിയ കണങ്ങളില്‍ പകുതിയിലേറെയും പോളിയെത്തിലീന്‍ ആയിരുന്നു.
ഗ്രീന്‍ലാന്‍ഡിന്റെ ഐസ് കോറിനുള്ളില്‍, വസ്ത്ര വ്യവസായത്തില്‍ ധാരാളമായി ഉപയോഗിക്കുന്ന പോളിയെത്തിലീന്‍ ടെറഫാലേറ്റില്‍ നിന്ന് ഉത്ഭവിക്കുന്ന നാനോകണങ്ങളും ഗവേഷകര്‍ കണ്ടെത്തി. ഇത് വെള്ളത്തിലും ശീതളപാനീയ കുപ്പികളിലും കാണപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക്‌സിന്റെ ജീവിത ചക്രം സമുദ്രങ്ങളില്‍ നിന്ന് എവറസ്റ്റിലേക്കും ഗ്രഹത്തിന് ചുറ്റുമുള്ള മറ്റ് വിദൂര പ്രദേശങ്ങളിലേക്കും വളരുമെന്നും പ്ലാസ്റ്റിക് മലിനീകരണം ഗുരുതര പ്രശ്‌നമാണെന്നു ഡിസംബറില്‍ പ്രസിദ്ധീകരിച്ച പ്രത്യേക പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
നാനോപ്ലാസ്റ്റിക്‌സ് ജീവികളില്‍ പ്രതികൂല ഫലങ്ങള്‍ ഉളവാക്കും.വളര്‍ച്ചയെ ബാധിക്കുകയും വികസനം വൈകിപ്പിക്കുകയും ഉപകോശ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. നാനോപ്ലാസ്റ്റിക്‌സുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരുടെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരും, വീക്കം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറഞ്ഞു. നാനോപ്ലാസ്റ്റിക്കുകള്‍ എത്രത്തോളമുണ്ടെന്നും ഈ പദാര്‍ത്ഥങ്ങള്‍ എത്രത്തോളം വിഷാംശമുള്ളതാണെന്നും അവ മലിനീകരണത്തിന് എങ്ങനെ കാരണമാകുമെന്നും നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് മെറ്ററിക്കും സംഘവും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.